നടിയെ ആക്രമിച്ച കേസില്‍ നേരത്തേ ഉണ്ടായിരുന്ന സാഹചര്യങ്ങളില്‍ മാറ്റം വന്നുവെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നേരത്തേ ഉണ്ടായിരുന്ന സാഹചര്യങ്ങളില്‍ മാറ്റം വന്നുവെന്നാണ് ദിലീപിന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. നേരത്തെ രണ്ട് തവണ ജാമ്യാപേക്ഷ തള്ളിയിരുന്നു. ആ സാഹചര്യങ്ങള്‍ ഇപ്പോള്‍ മാറി. മാറിയ ചുറ്റുപാടില്‍ പ്രതിയുടെ കസ്റ്റഡി ഇനിയും ന്യായീകരിക്കപ്പെടുമോ എന്ന ചോദ്യവും വിധിയില്‍ ഉന്നയിക്കുന്നു. ദിലീപിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ ഗൗരവമുള്ളതാണ്. കുറ്റകൃത്യം ആസൂത്രണം ചെയ്‌തെന്ന് ആരോപിക്കപ്പെട്ടയാളാണ് പ്രതി. എന്നാല്‍ കേസിലെ ഒന്നു മുതല്‍ ആറ് വരെ പ്രതികളെപ്പോലെ ദിലീപ് ലൈംഗിക അതിക്രമ കുറ്റത്തില്‍ നേരിട്ട് പങ്കാളിയായിട്ടില്ല. കേസിലെ ഗൂഢാലോചനയിലാണ് ദിലീപിന്റെ പങ്ക് തെളിയിക്കപ്പെടേണ്ടത്. രേഖകളും സാക്ഷിമൊഴികളും ഒക്കെ അടിസ്ഥാനപ്പെടുത്തിയാണ് കുറ്റകൃത്യത്തില്‍ ഇത് തെളിയിക്കപ്പെടാനുള്ളത്. 20ഓളം പ്രധാനപ്പെട്ട സാക്ഷികളുടെ മൊഴി ഇതിനോടകം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസിന്റെ വിചാരണയെ സ്വാധീനിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിയെ കസ്റ്റഡിയില്‍ വെയ്ക്കണമെന്ന ആവശ്യം ന്യായീകരിക്കാന്‍ കഴിയില്ല. ദിലീപിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് നേരത്തെ പ്രോസിക്യൂഷന്‍ പോലും സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിച്ചാലും കര്‍ശന ഉപാധികള്‍ വെച്ച് പ്രതിയുടെ ഇടപെടലുകള്‍ കോടതിക്ക് നിയന്ത്രിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

KCN

more recommended stories