അണ്ടര്‍ 17 ലോകകപ്പ്: എതിരാളി കൊളംബിയ

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ജയം തേടി ഇന്ത്യ. കൊളംബിയയുമായാണ് തിങ്കളാഴ്ച ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ കഴിഞ്ഞ ദിവസം യു.എസ്.എ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യയെ തോല്‍പിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യമത്സരത്തില്‍ കൊളംബിയക്കും തോല്‍വിയാണുണ്ടായത്. ഘാന എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയെ പരാജയപ്പെടുത്തിയത്.

ഫോമിലുള്ള കോമള്‍ തട്ടല്‍, നിന്‍തോയിന്‍ഗാന്‍ബ മീട്ടി എന്നിവരിലാണ് ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നത്. ആദ്യ മത്സരത്തില്‍ ഇവര്‍ മികവ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഫിനിഷിംഗിലെ പോരായ്മയും പ്രതിരോധത്തിലെ ആശയക്കുഴപ്പവും ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിടുകയായിരുന്നു. അതേസമയം കോച്ച് ലൂയിസ് നോര്‍ട്ടന്‍ ഡി മറ്റോസ് ടീമില്‍ കാര്യമായ മാറ്റം വരുത്തുമെന്നാണ് കരുതുന്നത്. മധ്യനിരയിലും പ്രതിരോധത്തിലുമാണ് മാറ്റത്തിന് സാധ്യത.

മികച്ച പ്രകടനം നടത്തിയി റഹീം അലി, നോങ്ദംബ നാവോരം എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കുമോയെന്ന് ഉറപ്പില്ല. വിലക്ക് കഴിഞ്ഞെത്തുന്ന ബോറിസ് തങ്ജം ആദ്യ ഇലവനില്‍ ഉണ്ടാകും. മലയാളി താരം രാഹുല്‍ പുറത്തിരിക്കേണ്ടി വരും. 4-2-3-1 എന്ന സ്ഥിര ശൈലിയില്‍ നിന്ന് മാറി 4-4-2 എന്ന ശൈലിയിലാകും ഇന്ത്യ കളിക്കുക. ആദ്യ മത്സരത്തില്‍ ഇന്ത്യ 4-3-3 എന്ന ശൈലിയിലും കളിച്ചിരുന്നു. മുന്നേറ്റം കൂടുതല്‍ ആക്രമിച്ച് കളിക്കുമെന്ന് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിലെ സാധ്യത നിലനിര്‍ത്തുക എന്നതാണ് ശ്രമമെന്നും അദ്ദേഹം സൂചിപ്പിച്ചു.

KCN

more recommended stories