വേഗ നിയന്ത്രണ ബോര്‍ഡുകള്‍ തലവേദനയാവുന്നുവെന്ന് ഡ്രൈവര്‍മാര്‍

മുള്ളേരിയ: വാഹനങ്ങളുടെ വേഗ നിയന്ത്രണം എന്ന പേരില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യവുമായി സ്ഥാപിച്ച ബോര്‍ഡുകള്‍ തലവേദനയാവുന്നുവെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു. മുള്ളേരിയ മുതല്‍ കുമ്പള വരെ 18 സ്ഥലത്താണ് ഇത്തരത്തില്‍ വേഗ നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ പലയിടത്തും സ്വകാര്യ സ്ഥാപനങ്ങള്‍ സ്വന്തം പരസ്യം എടുത്തു കാണിക്കാനാണ് ബോര്‍ഡ് വച്ചിട്ടുള്ളതെന്നും ആക്ഷേപമുണ്ട്. ബദിയഡുക്ക പെര്‍ഡാലയില്‍ വലിയ വളവിലാണ് ഈ ബോര്‍ഡ് വെച്ചിട്ടുള്ളത്. ബദിയഡുക്ക ടൗണില്‍ മാത്രം 5 ബോര്‍ഡുകള്‍ വെച്ചിട്ടുണ്ട്. മുള്ളേരിയ ടൗണ്‍ പരിസരം, മാവിനക്കട്ട, കന്യപ്പാടി, നീര്‍ച്ചാല്‍, സീതാംഗോളി, നെല്ലിക്കട്ട എന്നിവിടങ്ങളിലും ബോര്‍ഡുകളുണ്ട്. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ ബോര്‍ഡുകളുള്ളത്. അപകടം നിയന്ത്രിക്കാന്‍ എന്ന പേരില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നുവെന്ന ആക്ഷേപവും ഉന്നയിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലത്ത് മാത്രം ബോര്‍ഡ് നിലനിറുത്തുകയും മറ്റുള്ളവ നീക്കം ചെയ്യുകയും വേണമെന്നു ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നു.

KCN

more recommended stories