ഐ വി ശശിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സിനിമാലോകം

ചെന്നൈ: മലയാളസിനിമയില്‍ ഒരു കാലഘട്ടത്തിന്റെ രംഗഭാഷ്യം ചമച്ച സംവിധായകന്‍ ഐ വി ശശിക്ക് വിട. തെന്നിന്ത്യന്‍ സിനിമാലോകത്തിലെ പ്രമുഖര്‍ ഐ വി ശശിക്ക് ആദരാഞ്ജലികളര്‍പ്പിയ്ക്കാന്‍ ചെന്നൈ സാലിഗ്രാമത്തെ വീട്ടിലെത്തി. അടുത്ത സുഹൃത്തുക്കള്‍ കൂടിയായ സംവിധായകര്‍ പ്രിയദര്‍ശനും ഹരിഹരനുമാണ് ആദ്യമെത്തിയത്. പിന്നീട് നടന്‍മാരായ റഹ്മാന്‍, സംവിധായകന്‍ ഭാരതിരാജ, ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത്, നടിമാരായ ലിസി, രാധിക, പാര്‍വ്വതി, മുതിര്‍ന്ന അഭിനേത്രിയായ ശാരദ എന്നിവര്‍ ഐ വി ശശിയ്ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു.

അടുത്ത സുഹൃത്തിനെ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയ്ക്ക് ഒരു മികച്ച സംവിധായകനെയാണ് നഷ്ടമായതെന്ന് നടന്‍ കമല്‍ഹാസന്‍ അനുസ്മരിച്ചു. പച്ചമനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയില്‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരന്‍ ഞാനടക്കമുള്ള നടന്മാരെയും കാഴ്ചകാരയെും സിനിമാ വിദ്യാര്‍ത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റര്‍ക്ക് എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളര്‍ത്തുന്നുവെന്നാണ് മമ്മൂട്ടി ഐവി ശശിയുടെ മരണത്തില്‍ അനുസ്മരിച്ചത്. അദ്ദേഹത്തിന്റെ സിനിമാകാലഘട്ടത്തില്‍ ഒപ്പം പ്രവര്‍ത്തിക്കാനായതില്‍ അഭിമാനിക്കുന്നുവെന്നും സിനിമയില്‍ ഒരു നടന്റെ കഥാപാത്രം അനാവരണം ചെയ്യുന്നതില്‍ ഏറ്റവുമധികം സൂക്ഷമത പുലര്‍ത്തിയ സംവിധായകനായിരുന്നു അദ്ദേഹമെന്നും സുരേഷ് ഗോപിയും അനുസ്മരിച്ചു.
മകള്‍ അനു നാളെ ഉച്ചയോടെ ഓസ്‌ട്രേലിയയില്‍ നിന്ന് ചെന്നൈയിലെത്തിയ ശേഷം നാളെ വൈകിട്ടോടെയാകും ഐ വി ശശിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ചെന്നൈ പോരൂര്‍ ശ്മശാനത്തില്‍ നടക്കുക.

KCN

more recommended stories