ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31വരെ നീട്ടി

ദില്ലി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി അടുത്തവര്‍ഷം മാര്‍ച്ച് 31വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്കും ഇളവുകിട്ടുമോയെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തതിന് വേണമെങ്കില്‍ തന്റെ മൊബൈല്‍ കണക്ഷന്‍ വിഛേദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതികളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്കായി ആധാര്‍ വിവരങ്ങള്‍ കൈമാറേണ്ട സമയപരിധി ഡിസംബര്‍ 31നാണ് അവസാനിക്കുന്നത്. അതിന് മുമ്പ് ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ തീരുമാനമെടുക്കണമെന്ന് ഇന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ് ആനുകൂല്യങ്ങള്‍ക്കായി ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ട സമയപരിധി അടുത്തവര്‍ഷം മാര്‍ച്ച് 31വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കില്ല എന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ അറിയിച്ചു.

എന്നാല്‍ ആധാര്‍ ഉള്ളവര്‍ മൊബൈല്‍ നമ്പരുമായും, ബാങ്ക് അക്കൗണ്ടുമായും അത് ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ച് 31വരെ എല്ലാവര്‍ക്കും ഇളവ് കിട്ടുമോ എന്ന് അറിയിക്കാന്‍ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വരുന്ന തിങ്കളാഴ്ച ഇക്കാര്യത്തില്‍ കേന്ദ്രം തീരുമാനം അറിയിക്കും. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധപ്പിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്ന് ഇതിനിടെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. അതിന്റെ പേരില്‍ തന്റെ മൊബൈല്‍ കണക്ഷന്‍ വിഛേദിക്കാനും സര്‍ക്കാരിനെ മമത ബാനര്‍ജി വെല്ലുവിളിച്ചു.

KCN

more recommended stories