രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച തലസ്ഥാനത്തെത്തും. തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ പരിപാടികളില്‍ രാഷ്ട്രപതി പങ്കെടുക്കും. തലസ്ഥാനത്ത് അദ്ദേഹത്തിന് പൗരസ്വീകരണവും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് 2.50ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതിയെ വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി സ്വീകരിക്കും. തുടര്‍ന്ന്, 3.30ന് പള്ളിപ്പുറം ടെക്നോസിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നിര്‍വഹിക്കും. ഗവര്‍ണര്‍ ജ. പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഡോ. എ. സമ്പത്ത് എം.പി, സി. ദിവാകരന്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി, ഐ.ടി സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും.

ടെക്‌നോസിറ്റിയിലെ ചടങ്ങിനുശേഷം രാഷ്ട്രപതി രാജ്ഭവനിലെത്തും. വൈകീട്ട് 5.50ന് വെള്ളയമ്പലം അയ്യങ്കാളി പ്രതിമയില്‍ രാഷ്ട്രപതി പുഷ്പങ്ങള്‍ അര്‍പ്പിക്കും. ആറ് മണിക്ക് സംസ്ഥാന സര്‍ക്കാറിനായി തിരുവനന്തപുരം നഗരസഭ സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തില്‍ പങ്കെടുക്കും. ടാഗോര്‍ തിയറ്ററിലാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിക്കും. രാത്രി എട്ടിന് ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം രാജ്ഭവനില്‍ തങ്ങും. 28ന് രാവിലെ 9.45ന് പ്രത്യേകവിമാനത്തില്‍ രാഷ്ട്രപതി കൊച്ചിയിലേക്ക് തിരിക്കും. രാവിലെ 11ന് ഹൈകോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12.30ന് ഡല്‍ഹിയിലേക്ക് മടങ്ങും.

KCN

more recommended stories