പ്രീത് നമ്പ്യാര്‍ക്ക് ഇറ്റാലിയന്‍ നയതന്ത്ര ബഹുമതി

റോം, ഇറ്റലി: ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഡിപ്ലോമസി ആന്‍ഡ് ജസ്റ്റിസി(ഐ.സി.ഡി.ജെ) ന്റെ അംബാസിഡറായി മലയാളിയും പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരനുമായ പ്രീത് നമ്പ്യാര്‍ നിയമിതനായി. ഇതോടെ ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ ഇറ്റലിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ മുതിര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യക്കാരനെന്ന അപൂര്‍വ നേട്ടവും കരസ്ഥമാക്കിയിരിക്കുകയാണ് അദ്ദേഹം.

സാഹിത്യത്തിലൂടെയുള്ള സാമൂഹിക പരിവര്‍ത്തനത്തില്‍ പ്രീത് നമ്പ്യാര്‍ നല്‍കി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് സംഘടന പരമോന്നത സ്ഥാനം നല്‍കിയിരിക്കുന്നത്. ബൗദ്ധിക കസര്‍ത്തെന്നതിലുപരി സമൂഹത്തിലെ താഴെത്തട്ടിലുള്ളവരിലും മാനുഷിക മൂല്യങ്ങള്‍ എത്തിക്കുവാനുള്ള എഴുത്തുകാരുടെ പ്രതിജ്ഞാ ബദ്ധതയെ പോഷിപ്പിക്കുവാനായി സ്ഥാപിതമായ റൈറ്റേഴ്സ് ക്യാപ്പിറ്റല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സ്ഥാപകനും അധ്യക്ഷനുമാണ് അദ്ദേഹം. സാംസ്‌കാരിക വിനിമയത്തിലൂടെ ആഗോള ശാന്തിയും സമാധാനവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന ഇന്ന് മുപ്പതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ലോകത്തെയാകമാനം സ്വന്തം കുടുംബമായി തന്നെ കരുതുവാനുള്ള ഭാരതീയ ദര്‍ശനത്തെ തുടര്‍ന്നും ആഗോള തലത്തില്‍ പ്രതിനിധീകരിക്കാനുള്ള അവസരമായി സ്ഥാനലബ്ധിയെ കാണുന്നതായി പ്രീത് നമ്പ്യാര്‍ പ്രതികരിച്ചു. ഇത് രാജ്യത്തിന് തന്നെയുള്ള അംഗീകാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകരാജ്യങ്ങളില്‍ നയതന്ത്ര ബഹുമതികളോടെ യാത്ര ചെയ്യുവാനുള്ള യോഗ്യതകള്‍ക്കൊപ്പം ഐക്യ രാഷ്ട്രസഭയുള്‍പ്പെടെയുള്ള ആഗോള സംഘടനകളില്‍ പ്രതിനിധീകരിക്കാനും ഇതോടെ അദ്ദേഹത്തിന് അവസരമൊരുങ്ങുകയാണ്.

അന്താരാഷ്ട്ര തലത്തില്‍ ഏറെശ്രദ്ധേയമായ ‘ദ വോയേജ് റ്റു എറ്റേണിറ്റി’, ‘സോളിറ്ററി ഷോര്‍സ്’ എന്നീ കൃതികളിലൂടെ ലോകജനതയ്ക്ക് പരിചിതനായ പ്രീത് നമ്പ്യാരുടെ കൃതികള്‍ സ്പാനിഷ്, ഇറ്റാലിയന്‍, ചൈനീസ് തുടങ്ങി ഒട്ടേറെ ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഇതിനകം തന്നെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം തത്വ ചിന്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളിലും പ്രശസ്തനാണ്.

KCN

more recommended stories