ജില്ലയില്‍ മൊത്തം 30 കേസുകള്‍ പരിഗണിച്ചു

കാസര്‍കോട് : കേരള നിയമസഭയുടെ ഹര്‍ജികള്‍ സംബന്ധിച്ച സമിതി കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. രാജു എബ്രഹാം അധ്യക്ഷനായ സമിതി ജില്ലയില്‍ മൊത്തം 30 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 27 കേസുകള്‍ റവന്യുവകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. ഇതില്‍തന്നെ 25 പരാതികള്‍ പട്ടയ സംബന്ധമായ പരാതികളായിരുന്നു. പുതിയതായി അഞ്ചു പരാതികള്‍ സ്വീകരിച്ചു.

26 വര്‍ഷം സര്‍വീസ് ഉണ്ടായിട്ടും ഹെഡ്മാസ്റ്റര്‍ക്ക് അര്‍ഹമായ ഗ്രേഡ് ലഭിച്ചില്ലെന്ന കെ.വി കുഞ്ഞിരാമന്റെ പരാതിയില്‍ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിശദീകരണം ആവശ്യപ്പെട്ടു.60 വര്‍ഷമായി ഉപയോഗിച്ചുവരുന്ന അഞ്ച് സെന്റ് ഭൂമി പതിച്ചു നല്‍കണമെന്ന സത്താര്‍ എന്നയാളുടെ പരാതിയില്‍ കടമുറി കഴിഞ്ഞുള്ള മൂന്നു സെന്റ് സ്ഥലം മാര്‍ക്കറ്റ് വില ഈടാക്കി പട്ടയം നല്‍കുവാന്‍ മന്ത്രിസഭയോട് സമിതി ശുപാര്‍ശ ചെയ്യും. പാട്ടത്തുക പുതുക്കാന്‍ നടപടി ആവശ്യപ്പെട്ടുള്ള മുഹമ്മദ് എന്നയാളുടെ പരാതിയില്‍ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു.

നിയമസഭ സമിതി ചെയര്‍മാന്‍ രാജു എബ്രഹാം, ആര്‍.രാമചന്ദ്രന്‍, പി.ഉബൈദുള്ള എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് സിറ്റിംഗ് നടത്തിയത്. ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ, എഡിഎം:എച്ച്.ദിനേശന്‍, ആര്‍ഡിഒ:ഡോ.പി.കെ ജയശ്രീ, സെക്ഷന്‍ ഓഫീസര്‍ അന്‍വര്‍ സുല്‍ത്താന്‍, ശിരസ്തദാര്‍ പരീത്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍ എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories