വി.എ. രാജീവ് കൊലപാതകം: ഉദയഭാനുവിനെ റിമാന്റ് ചെയ്തു

കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ വി.എ. രാജീവിന്റെ കൊലപാതക കേസില്‍ അറസ്റ്റിലായ അഭിഭാഷകന്‍ സി.പി ഉദയഭാനുവിനെ റിമാന്റ് ചെയ്തു. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉദയഭാനുവിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുന്നത്. രാവിലത്തെ ചോദ്യം ചെയ്യലിന് ശേഷം മെഡിക്കല്‍ പരിശോധന നടത്തിയിട്ടാണ് ഉദയഭാനുവിനെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം, കേസില്‍ താന്‍ നിരപരാധിയാണെന്ന് ഉദയഭാനു പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഉദയഭാനു പഠിച്ച നുണകള്‍ ആവര്‍ത്തിക്കുകയാണെന്ന് അന്വേഷണസംഘം പറഞ്ഞു. ഇന്ന് രാവിലെയാണ് ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉദയഭാനുവിനെ ചോദ്യം ചെയ്തത്.
കേസിലെ ആദ്യനാല് പ്രതികള്‍ക്ക് സംഭവിച്ച കൈയബദ്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഉദയഭാനു പറഞ്ഞു. പ്രതിയായ ജോണി തന്നെ വിളിച്ചത് നിയമോപദേശം തേടാനാണ്. രാജീവിന്റെ കേസുകള്‍ കൈകാര്യം ചെയ്തിരുന്നത് താനാണ്. അതിന്റെ ആവശ്യത്തിനാണ് രാജീവിന്റെ വീട്ടില്‍ പോയത്. ഉദയഭാനു ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
രാജീവുമായി തനിക്ക് ഭൂമി ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ കുറ്റം ചെയ്തത് താനല്ലെന്നും ചോദ്യം ചെയ്യലില്‍ ഉദയഭാനു പറഞ്ഞു. രാജീവുമായി ചില സാമ്പത്തിക ഇടപാടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ പേരില്‍ രാജീവിനെ കൊല ചെയ്യാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉദയഭാനു അന്വേഷണസംഘത്തോട് പറഞ്ഞു. 120 ചോദ്യങ്ങള്‍ തയ്യാറാക്കിയാണ് അന്വേഷണസംഘം ഉദയഭാനുവിനെ ചോദ്യം ചെയ്തത്.
ബുധനാഴ്ച രാത്രി 11 മണിയോടെയാണ് തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ നിന്നും ഉദയഭാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രിയില്‍ തന്നെ അദ്ദേഹത്തെ ചാലക്കുടി സര്‍ക്കിള്‍ ഓഫീസില്‍ എത്തിച്ചിരുന്നു. ചൊവ്വാഴ്ച ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഉദയഭാനുവിന്റെ അറസ്റ്റ് സാധ്യമായത്.

KCN

more recommended stories