പി.കൃഷ്ണദാസിന് തിരിച്ചടി; ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി

തൃശൂര്‍ : ജിഷ്ണു പ്രണോയ്, ഷഹീദ് ഷൗക്കത്തലി കേസുകളില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് കനത്ത തിരിച്ചടി. ഷഹീദ് കേസിലെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി. ജിഷ്ണു കേസില്‍ സിബിഐക്കും സംസ്ഥാന സര്‍ക്കാരിനും കോടതിയുടെ വിമര്‍ശനം. കേസില്‍ പ്രഥാമിക പരിശോധന പോലും നടത്താത്തത് എന്തുകൊണ്ടാണ് സിബിഐയോട് കോടതി ചോദിച്ചു.

ജിഷ്ണുപ്രണോയ്, ഷഹീദ് ഷൗക്കത്തലി കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച കേസ് ഡയറി പരിശോധിച്ച കോടതി ഇന്നലത്തേതിന് സമാനമായ ഇന്നും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു. അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് പറഞ്ഞു.
പിന്നീട് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട കോടതി കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് യാതൊരു ഇളവും നല്‍കാനാകില്ലെന്ന് വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേസിലെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്നും കോടതി ഉത്തരവിട്ടു. ജിഷ്ണുപ്രണോയ് കേസ് ഏറ്റെടുക്കാനാകില്ല എന്ന സിബിഐയുടെ നിലപാടും സുപ്രീംകോടതി പരിശോധിച്ചു. സ്വതന്ത്ര്യ ഏജന്‍സി അന്വേഷിക്കേണ്ട പ്രത്യേക സാഹചര്യങ്ങളിലാണ് ഒരു കേസ് സിബിഐക്ക് വിടുന്നത്. ആ സാഹചര്യം എന്താണെന്ന് എന്തുകൊണ്ട് സിബിഐ പരിശോധിച്ചില്ല എന്ന് കോടതി വിമര്‍ശിച്ചു.
കേസ് സിബിഐക്ക് വിടണമെന്ന് ജിഷ്ണുവിന്റെ അച്ഛനും അമ്മയും ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. പക്ഷെ, അതിന് എന്താണ് കാരണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംങ്മൂലത്തിലും പറയുന്നില്ല. ആ കാരണം വ്യക്തമാക്കുന്ന ഡിജിപിയുടെ അവലോകന റിപ്പോര്‍ട്ട് നാളെ തന്നെ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അതിന് ശേഷം ജിഷ്ണു കേസ് സിബിഐക്ക് വിടുന്നകാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.

KCN

more recommended stories