കലാഭവന്‍ അബി അന്തരിച്ചു

കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവന്‍ അബി (54) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാളത്തില്‍ മിമിക്രി കസെറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയ നടനായിരുന്നു. അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. യുവ നടന്‍ ഷൈന്‍ നിഗം മകനാണ്.

രക്തത്തില്‍ പ്ലേറ്റ്ലെറ്റുകള്‍ കുറയുന്ന രോഗത്തിന് അബി ഏറെ നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അബിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഹബീബ് അഹമ്മദ് എന്നാണു യാഥാര്‍ഥ പേര്. മിമിക്രിക്കാരനായിട്ടായിരുന്നു തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയില്‍ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിക്കുമ്പോഴും മിമിക്രിയില്‍ സജീവമായിരുന്നു. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു.
ആമിനാ താത്തയായും അമിതാഭ് ബച്ചനായും സ്റ്റേജിലെത്തി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്ത മിമിക്രി താരമാണ് അബി. മിമിക്രിയില്‍ നിറഞ്ഞു നിന്ന പല കലാകാരന്മാരും സിനിമയില്‍ മുന്‍നിര നായകന്‍മാരായപ്പോള്‍ അബി പലപ്പോഴും ശ്രദ്ധിക്കപ്പെട്ടില്ല. ഒരിടവേളയ്ക്കു ശേഷം ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ അബി മടങ്ങിയെത്തിയിരുന്നു.

KCN

more recommended stories