കെ.എം അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ശ്രീകല എം.എസിന്

കാസര്‍കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദീര്‍ഘകാലം കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ടുമായിരുന്ന കെ.എം അഹ്മദിന്റെ പേരില്‍ കാസര്‍കോട് പ്രസ്‌ക്ലബ്ബ് നല്‍കിവരുന്ന മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസ് ചാനലിലെ ന്യൂസ് എഡിറ്റര്‍ ശ്രീകല എം.എസ് അര്‍ഹയായി. മാതൃഭൂമി ന്യൂസില്‍ അവതരിപ്പിച്ചുവരുന്ന ‘അകം പുറം’ എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയാണ് ശ്രീകല എം.എസിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

സാമൂഹിക പ്രശ്‌നങ്ങള്‍ വ്യക്തമായി വിശകലനം ചെയ്യുന്ന ‘അകം പുറം’ പരിപാടിയിലൂടെ, പലപ്പോഴും സമൂഹം വിളിച്ചുപറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തുറന്നുപറയാന്‍ ശ്രീകലക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങളായ പ്രശസ്ത നോവലിസ്റ്റ് ഡോ. അംബികാസുതന്‍ മാങ്ങാട്, ചരിത്രകാരന്‍ ഡോ. സി. ബാലന്‍, പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ട് സണ്ണി ജോസഫ് എന്നിവര്‍ വിലയിരുത്തി. പതിനായിരം രൂപയും ശില്‍പവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം 2017 ഡിസംബര്‍ 16ന് 2.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന കെ.എം അഹ് മദ് അനുസ്മരണ ചടങ്ങില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സമ്മാനിക്കും. സാംസ്‌കാരിക നേതാക്കളും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ഭാരവാഹികളും അടക്കമുള്ളവര്‍ സംബന്ധിക്കും. കെ.എം അഹ് മദിന്റെ പേരിലുള്ള പുരസ്‌കാരം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സഹായത്തോടെയാണ് നല്‍കുന്നത്. ഏഴാമത് പുരസ്‌കാരത്തിനാണ് ശ്രീകല അര്‍ഹയായത്.

1980 ല്‍ പുന്നയൂര്‍കുളത്ത് ജനിച്ച ശ്രീകല എം.എസ്, നിയമത്തില്‍ ബിരുദവും മലയാളത്തിലും മാധ്യമ പ്രവര്‍ത്തനത്തിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2009 ല്‍ ഇന്ത്യാവിഷനില്‍ ജേണലിസ്റ്റായാണ് മാധ്യമ പ്രവര്‍ത്തനം തുടങ്ങിയത്. ശ്രീകല അവതരിപ്പിച്ച ‘ഇനി അവര്‍ക്കും പറയാനുണ്ട്’ എന്ന പ്രോഗ്രാം ഏറെ ശ്രദ്ധനേടിയിരുന്നു. മാതൃഭൂമി ന്യൂസില്‍ ന്യൂസ് എഡിറ്ററും ആങ്കറുമാണ്. ‘1957-59 വാര്‍ത്തകള്‍ക്കപ്പുറം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ടെലിവിഷന്‍ അവാര്‍ഡ്, ചലച്ചിത്ര അക്കാദമി അവാര്‍ഡ്, അംബേദ്ക്കര്‍ സ്മാരക അവാര്‍ഡ്, വിവേകാനന്ദ പുരസ്‌കാരം, ഗ്രീന്‍ ജേണലിസ്റ്റ് അവാര്‍ഡ്, വയലാര്‍ ട്രസ്റ്റ് അവാര്‍ഡ്, കെ. ജയചന്ദ്രന്‍ സ്മാരക പുരസ്‌കാരം, കെ. ശങ്കരനാരായണന്‍ സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗം സണ്ണി ജോസഫ്, കാസര്‍കോട് പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി, സെക്രട്ടറി വിനോദ് പായം, കെ.എം. അഹ് മദിന്റെ മകന്‍ മുജീബ് അഹ് മദ് എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories