ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 93 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധി എഴുതുന്നത്. 851 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഏകദേശം 2.22 കോടി വോട്ടര്‍മാരാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുന്നത്. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, അല്‍പേഷ് ഠാകൂര്‍, ജിഗ്നേഷ് മേവാനി എന്നിവരാണ് ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. പ്രധാനമന്ത്രി മോദി അഹമ്മദാബാദിലെ നിശാന്‍ വിദ്യാലയത്തിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാരാണ്‍പുരയിലും മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനി ഖാന്‍പുരിലും ഇന്ന് വോട്ട് രേഖപ്പെടുത്തും.

നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ വോട്ടെടുപ്പിന്റെ തലേന്നാള്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയതിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടിയിരുന്നു. ഈ വിവാദത്തിന് ഇടയിലാണ് രണ്ടാം ഘട്ട പോളിങ് നടക്കുന്നത്. വോട്ട് എടുപ്പിന് ശേഷം ഇന്ന് വൈകിട്ടോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരും.

ഭരണകക്ഷിയായ ബിജെപിക്കും പ്രതിപക്ഷമായ കോണ്‍ഗ്രസിനും അഭിമാന പോരാട്ടമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. തുടര്‍ച്ചയായ അഞ്ചാം തവണയും ഭരണത്തിലേറാനാണ് ബിജെപി ശ്രമിക്കുന്നത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണം തിരിച്ചുപിടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഒന്‍പതാം തീയതി നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ 68 ശതമാനം പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയത്. കച്ച്, സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലുള്‍പ്പടെ 89 മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.

KCN

more recommended stories