6,700 രോഹിംഗ്യകള്‍ കൊല്ലപ്പെട്ടതായി പുതിയ വെളിപ്പെടുത്തല്‍

നയ്പിഡോ: മ്യാന്‍മര്‍ സൈന്യം അഴിച്ചുവിട്ട അക്രമത്തില്‍ 6,700 രോഹിംഗ്യ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടതായി പുതിയ വെളിപ്പെടുത്തല്‍. മ്യാന്‍മര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളേക്കാള്‍ ഭീകരമാണ് എംഎസ്എഫിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സൈനിക അതിക്രമത്തില്‍ 400 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.

ഓഗസ്റ്റിനു ശേഷം 647,000 രോഹിംഗ്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതെന്നും എംഎസ്എഫ് റിപ്പോര്‍ട്ട് പറയുന്നു. രാജ്യാന്തര ആരോഗ്യ സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സാണ് (എംഎസ്എഫ്) പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. അഭയാര്‍ഥികളായി ബംഗ്ലാദേശില്‍ എത്തപ്പെട്ട രോഹിംഗ്യകള്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് എംഎസ്എഫ് റിപ്പോര്‍ട്ട് തയാറാക്കിയത്.

രോഹിംഗ്യകള്‍ക്ക് എതിരേയുള്ള മനുഷ്യാവകാശധ്വംസനത്തെ അപലപിക്കാന്‍ തയാറാവാത്ത സ്യൂകിക്ക് എതിരേ അന്തര്‍ദേശീയ തലത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. അവര്‍ക്കു നല്‍കിയ ബഹുമതി ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി തിരിച്ചെടുക്കുകവരെ ചെയ്തു. വടക്കന്‍ റാഖൈന്‍ സംസ്ഥാനത്ത് ഓഗസ്റ്റിലാണ് സൈന്യം രോഹിംഗ്യകള്‍ക്ക് എതിരേ ആക്രമണം അഴിച്ചുവിട്ടത്. രോഹിംഗ്യകളുമായി ബന്ധപ്പെട്ട ചിലര്‍ സൈ നിക ചെക്കുപോസ്റ്റുകള്‍ ആക്രമിച്ചെന്നു പറഞ്ഞാണ് സൈന്യം നരനായാട്ട് ആരംഭിച്ചത്.

KCN