ദേശീയ മെഡിക്കല്‍ കമീഷന്‍ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ സമൂലമാറ്റം വരുത്തുന്ന ദേശീയ മെഡിക്കല്‍ കമീഷന്‍ ബില്‍ 2017 ന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. നിലവിലുള്ള 1956 ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം ഇതോടെ അടിമുടി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗം നിയന്ത്രിക്കുന്നത് നിലവില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലാണ്. മെഡിക്കല്‍ കോളജുകള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്നതില്‍ വ്യാപക അഴിമതി നടക്കുന്നുണ്ടെന്ന വിമര്‍ശനത്തിനിടെയാണ് പുതിയ ബില്ലിന് അംഗീകാരം ലഭിച്ചത്. ആരോഗ്യവിദ്യാഭ്യാസ രംഗത്തെ അഴിമതി ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് കമീഷന്‍ രൂപീകരിക്കുന്നത്. അതിനായി മെഡിക്കല്‍ ബിരുദം, മാസ്റ്റര്‍ ബിരുദം, കോളജുകളുടെ റേറ്റിങ്ങ്, മെഡിക്കല്‍ രജിസ്‌ട്രേഷനും ധാര്‍മികതയും എന്നിവ കൈകാര്യം ചെയ്യുന്നത് സ്വയംഭരണാധികാരമുള്ള നാലു ബോര്‍ഡുകളായിരിക്കും.25 സ്ഥിരാംഗങ്ങളും 11 പാര്‍ട് ടൈം അംഗങ്ങളുമാണ് കമീഷനിലുണ്ടാവുക. സ്ഥിരാംഗങ്ങളില്‍ 16 മുതല്‍ 22 അംഗങ്ങള്‍ വരെയും പാര്‍ട് ടൈം അംഗങ്ങളില്‍ അഞ്ചു പേരും ഡോക്ടര്‍മാരായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. നിലവില്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയവര്‍ക്ക് സ്‌റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഡോക്ടറായി സേവനമനുഷ്ഠിക്കാം. എന്നാല്‍ പുതിയ ബില്ലിലെ വ്യവസ്ഥയനുസരിച്ച് ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനും ബിരുദാനന്തര ബിരുദ പഠനത്തിനും നാഷണല്‍ ലൈസന്‍ഷിയേറ്റ് എക്‌സാമിനേഷന്‍ പാസാകണം.

KCN

more recommended stories