നിരവധി കേസുകളില്‍ പ്രതിയായ രാജസ്ഥാന്‍ സ്വദേശി ശ്രീകണ്ഠാപുരത്ത് അറസ്റ്റില്‍

കണ്ണൂര്‍ : സ്ത്രീയെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളില്‍ പ്രതിയായി കാസര്‍കോട്ടും കണ്ണൂരിലും കറങ്ങി നടന്ന രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍. രാജസ്ഥാന്‍, കറോളി ജില്ലയിലെ ഗഡ്മുറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊയിലി ഗ്രാമത്തില്‍ മഹേഷ് മീണ (22)യാണ് ശ്രീകണ്ഠാപുരം പൊലീസിന്റെ സഹായത്തോടെ പിടിയിലായത്. ഒന്നര വര്‍ഷം മുമ്പാണ് രാജസ്ഥാനില്‍ പുള്‍മണിയെന്ന സ്ത്രീയെ മഹേഷും മറ്റു മൂന്നുപേരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേസിലെ മറ്റു രണ്ടു പ്രതികള്‍ നേരത്തെ അറസ്റ്റിലായെങ്കിലും രക്ഷപ്പെട്ട മഹേഷ്മീണ കാസര്‍കോട്ടെത്തി. ഏതാനും ദിവസം ചുറ്റിക്കറങ്ങിയ ശേഷം കണ്ണൂരിലേയ്ക്കു പോയി.

അവിടെനിന്നും ശ്രീകണ്ഠാപുരത്തെത്തിയ മഹേഷ് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് ടൈല്‍സിന്റെ പണി ചെയ്തു വരികയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിന്‍ തുടര്‍ന്നെത്തിയ രാജസ്ഥാന്‍ പൊലീസ് പ്രതിയുടെ ഒളിത്താവളം കണ്ടെത്തുകയും ശ്രീകണ്ഠാപുരം എസ്.ഐയുടെ സഹായത്തോടെ ഇന്നലെ രാത്രി അറസ്റ്റു ചെയ്തു കൊണ്ടുപോവുകയുമായിരുന്നു. മഹേഷ് ഒരു വധശ്രമക്കേസിലും 10 കവര്‍ച്ചാ കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

KCN

more recommended stories