മദ്യലഹരിയില്‍ യുവാവ് ഇരുകാലുകളും തളര്‍ന്ന ഭാര്യയെ കുത്തിക്കൊന്നു

കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് മദ്യ ലഹരിയിലെത്തിയ യുവാവ് ഇരുകാലുകളും തളര്‍ന്ന ഭാര്യയെ കുത്തി കൊന്നു. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി. അടൂര്‍ പഴകുളം അജ്മല്‍ മന്‍സില്‍ റെജീന (31)ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷെഫീക്കിനെ (41) അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായിരുന്ന ഷെഫീക്ക് വീട്ടില്‍ വഴക്കുണ്ടാക്കുകയും ഭാര്യയെയും കുട്ടികളെയും മര്‍ദ്ദിക്കുകയും പതിവായിരുന്നു. ഇവര്‍ക്ക് പത്തിലും എട്ടിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പതിവുപോലെ മദ്യപിച്ച് വീട്ടിലെത്തുകയും ഭാര്യയുമായി വഴക്കിടുകയും ചെയ്തു. അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട മകന്‍ പിതാവിനെ തടയുകയും തള്ളി താഴെയിടുകയും ചെയ്തു. ഇതോടെ മര്‍ദ്ദനം മകന് നേരെയായി. സഹികെട്ട മകന്‍ പിതാവിനുനേരെ കൈയുയര്‍ത്തി. ഇതോടെ ബഹളമായി. ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിയെത്തി പ്രശ്‌നം രമ്യതപ്പെടുത്താന്‍ ശ്രമിക്കുകയും ഷെഫീക്കിനെ പറഞ്ഞുവിടുകയുമായിരുന്നു.

വീട്ടില്‍നിന്നും ഷെഫീക്ക് നേരെ പോയത് ആശുപത്രിയിലേക്കായിരുന്നു. മകന്‍ തന്നെ മര്‍ദ്ദിച്ചെന്നും അവനെതിരെ കേസെടുക്കണമെന്നുമായിരുന്നു ഷെഫീക്കിന്റെ ആവശ്യം. എന്നാല്‍ ഷെഫീക്കിനെ അന്വേഷിച്ച് ആരും ആശുപത്രിയില്‍ ചെല്ലുകയോ പൊലീസ് കേസ് എടുക്കുകയോ ചെയ്തില്ല. ഇതില്‍ കലി പൂണ്ട ഇയാള്‍ ഇന്നലെ രാത്രിയില്‍ മദ്യപിച്ച ശേഷം വീട്ടിലെത്തുകയായിരുന്നു. സമയം അര്‍ദ്ധരാത്രി കഴിഞ്ഞതിനാല്‍ റെജീനയും കുട്ടികളും നല്ല ഉറക്കത്തിലായിരുന്നു. അടുക്കള വാതില്‍ കുത്തി തുറന്ന് അകത്ത് കയറിയ ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന കഠാര ഉപയോഗിച്ച് റെജിനയെ തുരുതുരാ കുത്തുകയായിരുന്നു. റെജീന നിലവിളിക്കാതിരിക്കാന്‍ ഇവരുടെ വാ പൊത്തിപ്പിടിച്ചാണ് കുത്തിയതെന്നും പൊലീസ് പറയുന്നു. കഴുത്തിനും വയറിനും പുറത്തുമായി 9 കുത്തുകളാണ് റെജീനയ്‌ക്കേറ്റത്. ശബ്ദം കേട്ട് അടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന മക്കള്‍ എഴുന്നേറ്റതോടെ ഷെഫീക്ക് ഇറങ്ങി ഓടി. അമ്മയുടെ മുറിയിലെത്തിയ മക്കള്‍ കാണുന്നത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന രജീനയെയായിരുന്നു. മക്കളുടെ നിലവിളി കേട്ടാണ് അയല്‍ വാസികള്‍ ഓടിക്കൂടിയത്. നാട്ടുകാര്‍ ചേര്‍ന്ന് റെജീനയെ ഉടന്‍തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ വീടിന് പുറകുവശം വലിയ മലയാണ്. ഇവിടം കാടുപിടിച്ച നിലയിലുമാണ്. കൊലയ്ക്ക് ശേഷം ഷെഫീക്ക് വീടിന് സമീപത്തെ മലമുകളിലേയ്ക്ക് ഓടിയെന്ന് മക്കള്‍ അറിയിച്ചതോടെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഈ ഭാഗത്ത് തിരച്ചില്‍ ആരംഭിച്ചു. രാത്രിമുഴുവന്‍ നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്നു പുലര്‍ച്ചെ ആറുമണിയോടെ ഷെഫീക്കിനെ പിടികൂടുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ഇന്നുതന്നെ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

KCN

more recommended stories