പൊലീസ് കൂടുതല്‍ ജനസൗഹൃദപരമാവണം: മുഖ്യമന്ത്രി

പിണറായി : പ്രായമായവര്‍ ഒറ്റപ്പെട്ട് താമസിക്കുന്ന വീടുകള്‍ക്ക്‌പൊലീസിന്റെ നിരീക്ഷണവും സംരക്ഷണവുമുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം വീടുകളില്‍ ഇടയ്ക്ക് എത്തുകയും സുഖവിവരം അന്വേഷിക്കുകയും ചെയ്യും. സംസ്ഥാനത്താകെ പൊലീസിനെ ജനമൈത്രി പൊലീസ് ആക്കുകയാണ്. എല്ലാസ്റ്റേഷനുകളിലും വനിതപൊലീസുണ്ടാവുമെന്നും എല്ലാപഞ്ചായത്ത് അതിര്‍ത്തിയിലും പൊലീസ് ഉദ്യോഗസ്ഥ കൃത്യമായെത്തി വനിതകളില്‍ നിന്ന് പരാതി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വീസിലിരിക്കെ മരിച്ച സിവില്‍പൊലീസ് ഓഫീസര്‍ എം സുനില്‍കുമാറിന്റെ കുടുംബത്തിന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും പൊലീസ് അസോസിയേഷനും ഏര്‍പ്പെടുത്തിയ സഹായനിധി വിതരണംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളെ തട്ടിക്കൊണ്ടുപോവലും കുട്ടികള്‍ക്കെതിരായ അതിക്രമവും തടയാന്‍ കര്‍ശനനടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തട്ടിക്കൊണ്ടുപോവുന്ന കുട്ടികളെ പലരെയും രക്ഷിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും നല്ല ശ്രദ്ധയും കരുതലുമുണ്ടാവണം. മുന്‍കൂട്ടി പദ്ധതിയിട്ടുള്ള കളവുകള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. മോഷണം ക്രൂരമായ കൊലപാതകത്തിലേക്കുമെത്തുകയാണ്. ഓരോ പ്രദേശത്തും ക്രിമിനല്‍ സ്വഭാവമുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് സ്റ്റേഷനുകളിലുണ്ടാവണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജനങ്ങള്‍ക്കാകെയും സംരക്ഷണം നല്‍കുന്നതിന് പൊലീസ് കൂടുതല്‍ ജനസൗഹൃദപരമാവണം.

പൊലീസും ജനങ്ങളും തമ്മിലുള്ള ബന്ധംമെച്ചപ്പെടുത്തുകയാണ് ഏറ്റവും പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുതകുന്ന രീതിയിലേക്ക് സേനയെ മാറ്റണം. പ്രൊഫഷനല്‍ വിദ്യാഭ്യാസവും പോസ്റ്റ്ഗ്രാജുവേഷന്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന യോഗ്യതയുള്ളവര്‍ അടുത്ത കാലത്തായി സേനയിലേക്ക് കൂടുതലായി കടന്നുവരുന്നുണ്ട്. ഇതിലൂടെ പൊലീസിന് പുതിയമുഖം വരികയാണ്. എന്നാല്‍ പഴയചില രീതികള്‍ തുടരുന്നുമുണ്ട്. ആ രീതിക്കും മാറ്റമുണ്ടാകണം. മാറ്റംനല്ലതോതില്‍ വരുന്നുണ്ടെങ്കിലും മാറാന്‍ പ്രയാസമുള്ളവരായി ചിലരുണ്ട്. അവര്‍ പഴയരീതിയില്‍ തന്നെ കാര്യങ്ങള്‍ നീക്കുകയാണ്. പൊലീസിന്റെ പരിശീലനമുള്‍പ്പെടെ വലിയ മാറ്റത്തിന് വിധേയമാക്കേണ്ടതുണ്ട്.

പൊലീസ് സേനയിലെ ഭൂരിഭാഗം പേരും നല്ലവരാണെങ്കിലും സമൂഹത്തിലുള്ളത് പോലെ മോശം സ്വഭാവമുള്ളവരുമുണ്ട്. ഡ്യൂട്ടിയുടെ ഭാഗമായി ഒരാള്‍ മോശംചെയ്താല്‍ പൊലീസ് സേനക്കും സംസ്ഥാനത്തിനാകെയും ചീത്തപേരാകും. ഒറ്റപ്പെട്ട ഒരാളുടെ വൈകല്യമാണെങ്കിലും ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്യുന്ന സേനയെയാകെ അത് അപകീര്‍ത്തികരമായ അവസ്ഥയിലെത്തിക്കും. അത്തരം കാര്യങ്ങള്‍ തടയാനും ഒഴിവാക്കാനും ജാഗ്രതകാട്ടണം. സംസ്ഥാനത്ത് പൊതുവെ വലിയതോതില്‍ അഴിമതിയില്ലാതായിട്ടുണ്ട്. എന്നാല്‍ ചിലവിഭാഗങ്ങളില്‍ അഴിമതി പൂര്‍ണമായും ഇല്ലാതായിട്ടില്ല. അത് പൊതുവെ ദുഷ്‌പേരുണ്ടാക്കുന്നുണ്ട്.

എല്ലാ നിയമവും കൃത്യമായി പാലിക്കാന്‍ ബാധ്യതപ്പെട്ടവരാണ് പൊലീസ്. അവര്‍ നിയമത്തില്‍ നിന്ന് അണുകിട വ്യതിചലിക്കരുത്. നിയമപ്രകാരമല്ലാത്ത കാര്യങ്ങള്‍ ആര് ചെയ്താലും നിയമവിരുദ്ധമാണ്. പൊലീസിന്റെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായ കാര്യങ്ങളുണ്ടായാല്‍ അതിന് ഗൗരവം വര്‍ധിക്കും.അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒരുമയവും സര്‍ക്കാരില്‍ നിന്നുണ്ടാവില്ല. ദീര്‍ഘകാലമായുള്ള ചില ശീലങ്ങള്‍ സ്വിച്ചിട്ടാലെന്നത് പോലെ പെട്ടെന്ന് നിര്‍ത്താന്‍ ചിലര്‍ക്ക് പ്രയാസം കാണും. അത്തരക്കാരുള്‍പ്പെടെ മാറിയില്ലെങ്കില്‍ അതിന്റെ വിഷമം അനുഭവിക്കേണ്ടിവരും. ദുഷ്പ്രവണതകളുള്ളവരുണ്ടെങ്കില്‍ സഹപ്രവര്‍ത്തകര്‍ അവരെ സ്‌നേഹബുദ്ധ്യാ ഉപദേശിക്കണം. നല്ല കാര്യങ്ങളാണ് പൊലീസില്‍ നിന്ന് നാട് പ്രതീക്ഷിക്കുന്നതെന്നും പിണറായി പറഞ്ഞു. വെണ്ടുട്ടായി പൊതുജനവായനശാലക്ക് സമീപം ചേര്‍ന്ന ചടങ്ങില്‍ കെപിഒഎ ജില്ലപ്രസിഡന്റ് ടി കെ രത്‌നാകരന്‍ അധ്യക്ഷനായി.

KCN

more recommended stories