തിരുവനന്തപുരത്തെ സഹകരണബാങ്കില്‍ സൈബര്‍ ആക്രമണം

തിരുവനന്തപുരം: ‘വാനാക്രി’ ആക്രമണത്തിനു പിന്നില്‍ ആരാണെന്നു പോലും വ്യക്തമായിട്ടില്ലാതിരിക്കെ സംസ്ഥാനത്ത് വീണ്ടും സൈബര്‍ ആക്രമണം. കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാക്കി ‘മോചനദ്രവ്യം’ ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമാണു വീണ്ടും റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലാ മര്‍ക്കന്റയിന്‍ സഹകരണ സംഘത്തിലുണ്ടായ ആക്രമണത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

ബാങ്കിലെ സെര്‍വറുമായി ബന്ധപ്പെടുത്തിയിട്ടുള്ള കംപ്യൂട്ടറിനു നേരെയായിരുന്നു ആക്രമണം. 23ന് വൈകിട്ടായിരുന്നു ആക്രമണം ശ്രദ്ധയില്‍പ്പെട്ടത്. പെട്ടെന്ന് കംപ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. റീസ്റ്റാര്‍ട്ട് ചെയ്‌തെങ്കിലും ഒരു സന്ദേശം മാത്രമാണു കണ്ടത്. നേരത്തേ വാനാക്രി ആക്രമണസമയത്ത് കംപ്യൂട്ടറുകളില്‍ തെളിഞ്ഞ സന്ദേശത്തിനു സമാനമായിരുന്നു ഇത്.

കംപ്യൂട്ടറിലെ ഫയലുകള്‍ ‘എന്‍ക്രിപ്റ്റ്’ ചെയ്തിരിക്കുകയാണെന്നും ‘ഡീക്രിപ്റ്റ്’ ചെയ്തു കിട്ടണമെങ്കില്‍ മോചനദ്രവ്യം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശമായിരുന്നു വന്നത്. വിര്‍ച്വല്‍ കറന്‍സിസായ ബിറ്റ് കോയിന്‍ വഴി പണം നല്‍കണമെന്നാണ് ആവശ്യം.

ഒരു ഇമെയിലിലേക്ക് മറുപടി അയയ്ക്കാനും നിര്‍ദേശമുണ്ട്. എന്നാല്‍ സംഭവത്തെത്തുടര്‍ന്ന് ബാങ്ക് അധികൃതര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

KCN

more recommended stories