കേരള മോഡല്‍ വികസന മാതൃക;കൈകാര്യം ചെയ്യേണ്ടത് പുതിയ തലങ്ങള്‍: ഗവര്‍ണര്‍

തിരുവനന്തപുരം : ലോകമാകെ ശ്രദ്ധ പിടിച്ചുപറ്റിയ കേരള മോഡല്‍ പുതിയ തലങ്ങള്‍ കൈകാര്യം ചെയ്തുവരുന്നതായി ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. സാമൂഹ്യനേട്ടങ്ങള്‍ കൈവരിക്കുന്നതിനൊപ്പം കാലാവസ്ഥാവ്യതിയാനത്തിന്റെയും വ്യാപകമായ മലിനീകരണത്തിന്റെയും ഫലമായി നമ്മുടെ ദുര്‍ബലമായ പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതുണ്ട്.

റബറും സുഗന്ധവ്യഞ്ജനങ്ങളും പോലുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ആഗോളതലത്തിലുള്ള ആവശ്യകതയിലെ മാറ്റം തോട്ടം വ്യവസായ അന്തരീക്ഷത്തില്‍ മാറ്റമുണ്ടാക്കി. സങ്കരവൈദ്യുത ഊര്‍ജോപയോഗത്തിലേക്ക് വാഹനരംഗവും മാറുന്നു. ഓട്ടോമോഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നാനോടെക്‌നോളജി, റോബോട്ടിക്‌സ് എന്നിവ ലോകത്തെ മാറ്റിമറിക്കുന്നു. പല തൊഴിലുകളും കാലഹരണപ്പെടുകയും ഭാവിയില്‍ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇതിനായി സംസ്ഥാനത്തിന് മികച്ച സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. വാണിജ്യവിജയങ്ങള്‍ക്കും തൊഴില്‍ സൃഷ്ടിക്കും നൂതനാവിഷ്‌കാരങ്ങള്‍ സ്വീകരിക്കണം.

കാലാവസ്ഥാ വ്യതിയാനവും ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ദുരന്ത പ്രത്യാഘാതം നേരിടാനുള്ള സാങ്കേതികവിദ്യ വര്‍ധിപ്പിക്കണമെന്ന് ഓഖി ഓര്‍മിപ്പിക്കുന്നു.

ഓഖി ദുരന്തം: സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്

തിരുവനന്തപുരം > ഓഖി ദുരന്തത്തില്‍ നഷ്ടപരിഹാരം നല്‍കാനും കാണാതായവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുന്നറിയിപ്പ് ലഭിച്ചയുടന്‍ സര്‍ക്കാര്‍ ദുരന്തനിവാരണ സംവിധാനങ്ങള്‍ കര്‍മനിരതമാക്കി. അപകടത്തില്‍പ്പെട്ടവരെയും യാനങ്ങളെയും രക്ഷിക്കാനായി എല്ലാ പ്രവര്‍ത്തനങ്ങളും നടത്തി. ബഹുഭൂരിപക്ഷം പേര്‍ക്കും ആശ്വാസം എത്തിക്കുന്നതില്‍ വിജയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ വ്യോമനാവിക സേനകളുമായി ചേര്‍ന്ന് സംയുക്ത രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇനിയും മത്സ്യത്തൊഴിലാളികള്‍ കരയിലെത്താനുണ്ട്. നഷ്ടപരിഹാരം നല്‍കാനും വരുംകാല ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും സംസ്ഥാന ദുരന്തനിവാരണ സംവിധാനം മെച്ചപ്പെടുത്താനും കേന്ദ്രസഹായം വിനിയോഗിക്കും.

കാര്യക്ഷമമായ ഭക്ഷ്യവിതരണം ഉറപ്പാക്കും

തിരുവനന്തപുരം : കാര്യക്ഷമവും ഫലപ്രദവുമായ ഭക്ഷ്യവിതരണം ഉറപ്പാക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. 2013ലെ നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ടിന്റെയും 2015ലെ ടാര്‍ജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റംസ് ആക്ടിന്റെയും അടിസ്ഥാനത്തില്‍ കേരള റേഷനിങ് ഓര്‍ഡറും സിവില്‍ സപ്ലൈസ് മാന്വലും പരിഷ്‌കരിക്കും. ഫുഡ് സെക്യൂരിറ്റി ആക്ടിന്റെ കീഴില്‍ സോഷ്യല്‍ ഓഡിറ്റ് അഡൈ്വസറി കമ്മിറ്റിയും സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റിയും രൂപീകരിക്കും. സ്വതന്ത്രമായ ഉപഭോക്തൃകാര്യ വകുപ്പ് രൂപീകരിക്കും. ജില്ലാതലത്തില്‍ ഉപഭോക്തൃ ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക് രൂപീകരിക്കും.

അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മിനിമം വേതനം

തിരുവനന്തപുരം : സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസവകുപ്പില്‍ സമഗ്ര ഇ ഗവേണന്‍സ് പദ്ധതി നടപ്പാക്കും. സ്‌കൂള്‍ ലൈബ്രറികള്‍ ഡിജിറ്റൈസ് ചെയ്യും.
എല്ലാ സര്‍വകലാശാലകളും സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളും എന്‍ജിനിയറിങ് കോളേജുകളും പോളിടെക്‌നിക് കോളേജുകളും അപ്‌ഗ്രേഡ് ചെയ്യുന്ന പദ്ധതിയുടെ മുഖ്യഭാഗം അടുത്തവര്‍ഷം പൂര്‍ത്തിയാക്കും.

മലിനജലസംസ്‌കരണം, പാരമ്ബര്യേതര ഊര്‍ജോല്‍പ്പാദനം, ഊര്‍ജസംരക്ഷണം, സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അമിനിറ്റി സെന്റര്‍ തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജ് സ്റ്റുഡന്റ് സാറ്റ്‌ലൈറ്റ് വിക്ഷേപിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി. നൈപുണ്യ വികസന ഭാഗമായി കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ കീഴില്‍ വേള്‍ഡ് സ്‌കില്‍ ലൈസിയം സ്ഥാപിക്കും. ഐടിഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും.

കെട്ടിടങ്ങള്‍ക്ക് യുണിക് നമ്ബര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും ‘യുണിക് നമ്ബര്‍’ നല്‍കുന്നതുള്‍പ്പെടെ വസ്തു നികുതിഘടന സമഗ്രമായി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കും. ഇതുവഴി നികുതിവരുമാനം വര്‍ധിപ്പിക്കും. ഹരിതചട്ട മാനദണ്ഡം അവലംബിക്കുന്ന വസ്തുക്കള്‍ക്ക് നികുതി സബ്‌സിഡി നല്‍കും.

ജില്ലാ പദ്ധതികളിലൂടെ വികേന്ദ്രീകരണ ആസൂത്രണം ശക്തിപ്പെടുത്തും. സേവന വിതരണ നിലവാരം മെച്ചപ്പെടുത്താനും വിഭവസമാഹരണം വര്‍ധിപ്പിക്കാനും ഇ ഗവേണന്‍സ് സാങ്കേതികവിദ്യകള്‍ ശക്തിപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കും. തദ്ദേശസ്ഥാപനങ്ങളെ സ്മാര്‍ട്ട് എന്റിറ്റികളായി രൂപാന്തരപ്പെടുത്താന്‍ സര്‍ക്കാരുമായുള്ള എല്ലാ സേവനങ്ങളും ഇടപാടുകളും വിതരണംചെയ്യുന്നതിന് ഓണ്‍ലൈന്‍ ഇന്റഗ്രേറ്റഡ് എന്റര്‍പ്രൈസസ് സൊല്യൂഷന്‍ മോഡല്‍ നടപ്പാക്കും. അമൂല്യമായ പൈതൃകസ്വത്തുക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ആര്‍ട്ട് ആന്‍ഡ് ഹെറിറ്റേജ് കമീഷന് നിയമംമൂലം അധികാരം നല്‍കും.

കെഎസ്ആര്‍ടിസി പുനഃസംഘടിപ്പിക്കും

കെഎസ്ആര്‍ടിസിയെ സമയബന്ധിതമായി പുനഃസംഘടിപ്പിക്കും. ജലഗതാഗതം, മെട്രോ, ലൈറ്റ് റെയില്‍ എന്നിവ ഉള്‍പ്പെടെ വിവിധ രീതിയിലുള്ള ഗതാഗതസംവിധാനം നടപ്പാക്കും. ഗതാഗത ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപം നടത്തും.

ആസൂത്രണം ജനക്ഷേമകരമാക്കും

തിരുവനന്തപുരം : ആസൂത്രണപ്രക്രിയ ജനക്ഷേമകരവും ജനപങ്കാളിത്തപരവുമാക്കാന്‍ പദ്ധതി തയ്യാറാക്കും. ആസൂത്രണപ്രക്രിയ മെച്ചപ്പെടുത്താന്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡും കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററും ശാസ്ത്രീയമായി മാപ്പ് തയ്യാറാക്കി ഭൂതല- ഡാറ്റ സാധൂകരിക്കുന്നതിനുള്ള നടപടികളിലാണ്. നെയ്യാര്‍ നദീതീരത്തിന്റെ പരിസ്ഥിതി പുനഃസ്ഥാപനത്തിനുവേണ്ടിയുള്ള ഉപരിതല വിശകലനവും നിര്‍ദിഷ്ട വൈറ്റ്‌ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും ഉള്‍പ്പെടും. ആസൂത്രണം വിജയപ്രാപ്തിയിലെത്താന്‍ ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും ഉപഗ്രഹാധിഷ്ഠിത സംവിധാനവും ഉപയോഗിച്ച് കേരളത്തിലെ വിഭവങ്ങളുടെ ഭൂപടം തയ്യാറാക്കാന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും.

KCN

more recommended stories