സംസ്ഥാനത്ത് വാഹനപണിമുടക്ക് തുടരുന്നു

തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവിലയില്‍ ക്രമാതീതമായുണ്ടാകുന്ന വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള വാഹനപണിമുടക്ക് തുടരുന്നു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്.

സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, യു.ടി.യു,സി, എച്ച്.എം.എസ്, എസ്.ടി.യു, ജനതാ ട്രേഡ് യൂണിയന്‍, ടി.യു.സി.ഐ, കെ.ടി.യു.സി എന്നീ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ബസ്, ലോറി, ടാങ്കര്‍, ഡ്രൈവിംഗ് സ്‌ക്കൂള്‍, വര്‍ക്ക് ഷോപ്പ്, സ്‌പെയര്‍ പാര്‍ട്ട്‌സ് ഡീലേഴ്‌സ് തുടങ്ങിയ മേഖലകളിലെ തൊഴിലുടമാ സംഘടനകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്. ഓട്ടോറിക്ഷാ, ടാക്‌സി, സ്വകാര്യബസ്, ലോറി , ടാങ്കര്‍ ലോറി സര്‍വ്വീസുകള്‍ക്കൊപ്പം കെ.എസ്.ആര്‍.ടി.സി ബസുകളും നിരത്തിലിറങ്ങില്ല.

പണിമുടക്ക് ഒഴിവാക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു, എന്നാല്‍, വ്യക്തമായ കാരണങ്ങളില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് അവധി നല്‍കരുതെന്നും പൊലീസ് സംരക്ഷണത്തോടെ പരമാവധി സര്‍വീസുകള്‍ നടത്തണമെന്നും എം.ഡി ഉത്തരവിട്ടിട്ടുണ്ട്.

പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല
പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച നടക്കാനിരുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്നും പി.എസ്.സി അറിയിച്ചു. എന്നാല്‍ കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി വെബ്‌സൈറ്റിലുണ്ട്. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന എം.പി.എഡ്, ബി.പി.എഡ് ഒഴികെയുള്ള എല്ലാ പരീക്ഷകളും 25 ലേക്കുമാറ്റി. ആരോഗ്യ സര്‍വകലാശാല നാളത്തെ തീയറി പരീക്ഷകള്‍ 25 ലേക്കു മാറ്റി. കുസാറ്റിലും ഇന്നത്തെ പരീക്ഷകള്‍ മാറ്റി. ഇന്നത്തെ പത്താം തരം തുല്യതാ സേ പരീക്ഷ 31ന് ആയിരിക്കും.

KCN

more recommended stories