മോട്ടോര്‍ വാഹന പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം: സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു

കാസര്‍കോട്: ഇന്ധനവില വര്‍ദ്ധനവിനെതിരെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ വാഹനപണിമുടക്ക് പൂര്‍ണം. കെ എസ് ആര്‍ ടി സി, സ്വകാര്യ ബസുകള്‍ ഉള്‍പെടെ വാഹനങ്ങളൊന്നും നിരത്തിലിറങ്ങാത്തതിനാല്‍ സാധാരണക്കാരുടെ ജനജീവിതത്തെ സാരമായി ബാധിച്ചു. ഏതാനും സ്വകാര്യ വാഹനങ്ങളും ബൈക്കുകളും മാത്രമാണ് ഓടുന്നത്.

അതേസമയം സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ കുറവായതിനാല്‍ ആളില്ലാ കസേരകളാണ് ദൃശ്യമായത്. പലയിടങ്ങളിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് കാരണമായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത്. കാസര്‍കോട് എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സമരാനുകൂലികളെ വാഹനങ്ങള്‍ തടയുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു.

എവിടെയും അക്രമ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മുഴുവന്‍ സംഘടനകളും സമരത്തെ അനുകൂലിക്കുന്നതു കൊണ്ട് സമരം പൂര്‍ണമാണ്. കാസര്‍കോട് നഗരത്തില്‍ പണിമുടക്കിയ തൊഴിലാളികള്‍ പ്രകടനം നടത്തി.

 

KCN