ആ പിതാവ് ചോദിക്കുന്നു… എന്തിനാണ് എന്റെ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുത്തത്

കൊച്ചി: ജീവശ്വാസത്തിന് വേണ്ടി പിടയുന്ന ആ കുഞ്ഞുമുഖമാണ് ഇപ്പോഴും മുഹമ്മദ് ഷാഫിയുടെ മനസ്സുനിറയെ. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനാസ്ഥയും എയര്‍ ആംബുലന്‍സ് പൈലറ്റിന്റെ നിരുത്തരവാദിത്തവും ചേര്‍ന്ന് മരണത്തിന് വിട്ടുകൊടുത്ത തന്റെ കുഞ്ഞിന്റെ ഗതി ഇനിയാര്‍ക്കും വരരുതേ എന്ന പ്രാര്‍ഥനയിലാണ് ആ പിതാവ്. അത്യാസന്ന നിലയിലായ നവജാത ശിശുവിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയാറാക്കിയ എയര്‍ ആംബുലന്‍സ് വഴിമാറിപ്പറന്ന് ഒരു മണിക്കൂറോളം വൈകിയതാണ് കുഞ്ഞ് മരിക്കാന്‍ ഇടയാക്കിയത്.

കൊല്ലം അയത്തില്‍ കാവഴികത്ത്പുത്തന്‍വീട് മുഹമ്മദ് ഷാഫിയുടെ കുഞ്ഞാണ് ചികിത്സ കിട്ടാതെ മരിച്ചത്. ഷാഫിയുടെ ഭാര്യ മലീഹ ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശിയാണ്. വെള്ളിയാഴ്ച വൈകീട്ട് ഇവര്‍ അഗത്തിയിലെ രാജീവ്ഗാന്ധി ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ആണ്‍കുഞ്ഞും പെണ്‍കുഞ്ഞും. ഹൃദയമിടിപ്പിലെ തകരാറും ശ്വാസതടസ്സവും കൂടിയതിനെത്തുടര്‍ന്ന് ആണ്‍കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.

ഇതിനായി ഡോക്ടറുടെ നിര്‍ദേശപ്രകാരം എയര്‍ ആംബുലന്‍സ് ഹെലികോപ്ടറും സജ്ജമാക്കി. പറക്കല്‍ സമയം കഴിഞ്ഞെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച പൈലറ്റ് ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് വഴങ്ങിയത്. ഷാഫി, ഭാര്യപിതാവ് മുഹമ്മദ് കാസിം, മെഡിക്കല്‍ എസ്‌കോര്‍ട്ട് ഹുസൈന്‍ എന്നിവരാണ് കുട്ടിക്കൊപ്പം ഉണ്ടായിരുന്നത്. കൃത്രിമശ്വാസം നല്‍കിക്കൊണ്ടിരുന്ന കുട്ടിയുടെ അവസ്ഥ വഷളായി വരുകയായിരുന്നു. ഇതിനിടെ, കൊച്ചിയില്‍നിന്ന് വിമാനമാര്‍ഗം അഗത്തിയിലെത്തിയ മറ്റ് ആറുപേരെ കൂടി ചട്ടം ലംഘിച്ച് ഹെലികോപ്ടറില്‍ കയറ്റി. ഇവരെ കവരത്തിയില്‍ എത്തിക്കണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു ഇത്.

ഹൊലികോപ്ടര്‍ കൊച്ചിയിലേക്ക് പറക്കുകയാണെന്ന് കുഞ്ഞിനോടൊപ്പമുള്ളവര്‍ കരുതിയിരിക്കുമേ്ബാള്‍ കാല്‍ മണിക്കൂറിന് ശേഷം ഇറങ്ങിയത് കവറത്തിയില്‍. ഇവിടെ വെച്ച് ബന്ധുക്കളെയും മരണത്തോട് മല്ലടിക്കുന്ന കുഞ്ഞിനെയും അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ സഹിതം മറ്റൊരു ഹെലികോപ്ടറിലേക്ക് മാറ്റുകയും മറ്റ് യാത്രക്കാരെ ഇറക്കുകയും ചെയ്തു. ഇന്ധനം നിറക്കുന്നതുള്‍പ്പെടെ മുക്കാല്‍ മണിക്കൂറോളം ഇവിടെ ചെലവഴിച്ചതായി ഷാഫി പറഞ്ഞു.

കുഞ്ഞിനെ അടിയന്തരമായി കൊച്ചിയില്‍ എത്തിക്കണമെന്ന് പറഞ്ഞ മെഡിക്കല്‍ എസ്‌കോര്‍ട്ടിനോട് ഇത് ജെറ്റ് വിമാനമല്ലെന്ന് പറഞ്ഞ് പൈലറ്റ് കയര്‍ക്കുകയായിരുന്നു. തുടര്‍ന്ന്, കവരത്തിയില്‍നിന്ന് തിരിച്ച വിമാനം ഉച്ചക്ക് 1.20ഓടെയാണ് കൊച്ചിയില്‍ എത്തിയത്. കുട്ടിയുടെ ഹൃദയമിടിപ്പ് ഏറെക്കുറെ നിലച്ചതിനാല്‍ തൊട്ടടുത്തുള്ള അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ എത്തിക്കുമേ്ബാഴേക്കും മരിച്ചിരുന്നു. 15 മിനിറ്റെങ്കിലും നേരത്തേ എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

എയര്‍ ആംബുലന്‍സ് മറ്റ് യാത്രക്കാര്‍ക്കായി ദുരുപയോഗം ചെയ്യുന്നതും ഇതുമൂലം രോഗി മരിക്കുന്നതും ലക്ഷദ്വീപില്‍ ആദ്യ സംഭവമല്ല. ഇതേക്കുറിച്ച് വിശദ അന്വേഷണം ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടത്തിന് പരാതി നല്‍കുമെന്ന് മലീഹയുടെ പിതാവ് മുഹമ്മദ് കാസിം അറിയിച്ചു.

കേന്ദ്രത്തിന് പരാതി നല്‍കും-മുഹമ്മദ് ഫൈസല്‍ എം.പി
കൊച്ചി: എയര്‍ ആംബുലന്‍സ് വഴിതിരിച്ചുവിടുകയും ചികിത്സ വൈകി നവജാതശിശു മരിക്കുകയും ചെയ്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി നല്‍കുമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. സംഭവം വളരെ വേദനജനകമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടവരരുത്. കുറ്റക്കാര്‍ക്കെതിരെ മാതൃകപരമായ നടപടിയെടുക്കണമെന്നും കുട്ടിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

KCN

more recommended stories