ക്ഷേത്ര പരിസരത്ത് സ്ത്രീയെ വെട്ടിക്കൊല്ലാന്‍ ശ്രമം, അക്രമി പിടിയില്‍

തിരുവനന്തപുരം: തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരത്ത് തോര്‍ത്ത് വില്‍പ്പനക്കാരിയായ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. തിരുവല്ലം സ്വദേശിനി ജയയ്ക്കാണ് (50) വെട്ടേറ്റത്. കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ ജയയെ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ എട്ടു മണിയോടെ ഭക്തരുള്‍പ്പെടെ നിരവധിപേര്‍ നോക്കിനില്‍ക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് പാച്ചല്ലൂര്‍ സ്വദേശി മുരുകനെ (60) തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു.

ക്ഷേത്രത്തിനടുത്ത് ഭക്തര്‍ക്ക് രാവിലെ അന്നദാനം നടത്തുന്ന കേന്ദ്രത്തിന് സമീപം വച്ചായിരുന്നു സംഭവം. സേവാഭാരതിയുടെ നേതൃത്വത്തിലാണ് അന്നദാന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേര്‍ന്നുള്ള സ്റ്റാളില്‍ പൂജാസാധനങ്ങളും തോര്‍ത്തും വില്‍പ്പന നടത്തി വരികയായിരുന്നു ജയ. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തിരുവല്ലം ക്ഷേത്രത്തില്‍ ചുറ്റിപ്പറ്റി കഴിയുകയായിരുന്ന മുരുകന്‍ അന്നദാന കേന്ദ്രത്തിലെ ജോലിക്കാരനായിരുന്നു. ഇന്നലെ രാവിലെ മുരുകനെ ഇവിടുത്തെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

അതോടെ ക്ഷേത്ര പരിസരത്ത് നിന്ന് മടങ്ങിയ മുരുകന്‍ ഇന്നലെ തിരുവല്ലം പാലത്തിന് സമീപത്താണ് കഴിഞ്ഞത്. ഇന്ന് രാവിലെ വീണ്ടും തിരുവല്ലം ക്ഷേത്രപരിസരത്തെത്തിയ മുരുകന്‍ പൂജാ സ്റ്റാളില്‍ തിരക്കൊഴിഞ്ഞ തക്കം നോക്കി അവിടെയെത്തി. സേവാഭാരതിയുടെ അന്നദാനമന്ദിരത്തിലുപയോഗിക്കുന്ന വെട്ടുകത്തി കൈക്കലാക്കിയ ഇയാള്‍ അതുപയോഗിച്ച് ജയയുടെ കഴുത്തില്‍ വെട്ടുകയായിരുന്നു. വെട്ടേറ്റ ജയ നിലത്തുവീണു.

രക്തത്തില്‍ കുളിച്ച് കിടന്ന ഇവരുടെ നിലവിളികേട്ട് പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയെങ്കിലും വെട്ടികത്തി വീശി അവിടെ നിലയുറപ്പിച്ച മുരുകന്‍ ആരെയും അടുക്കാന്‍ അനുവദിച്ചില്ല. ക്ഷേത്രത്തിലെത്തിയ ഭക്തരും ജീവനക്കാരും ഔട്ട് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാരനും ഇയാളെ അനുനയിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. തന്നെ ജോലിയില്‍നിന്ന് പുറത്താക്കിയ ഒരെണ്ണത്തിനെയും വെറുതെവിടില്ലെന്ന് ആക്രോശിച്ച് വെട്ടുകത്തിയുമായി പൂജാസ്റ്റാളിന് മുന്നില്‍ നിലയുറപ്പിച്ച മുരുകനെ അവിടെ കൂടിയിരുന്നവരില്‍ ഒരാള്‍ നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. വെട്ടുകത്തിയുമായി നിന്ന മുരുകന്റെ ശ്രദ്ധ മാറ്റാന്‍ സമീപത്തെ ബൈക്കിലുണ്ടായിരുന്ന ഹെല്‍മെറ്റെടുത്ത് പൂജാസ്റ്റാളിന് സമീപത്തേക്കെറിഞ്ഞു.

ഹെല്‍മറ്റ് വീണ ശബ്ദം കേട്ട് മുരുകന്റെ ശ്രദ്ധ അവിടേക്ക് മാറിയ ഉടന്‍ പിന്നിലൂടെയെത്തി ഇയാളെ ചുറ്റിപിടിച്ചശേഷം വെട്ടുകത്തി പിടിച്ചുവാങ്ങി. നാട്ടുകാരില്‍ ചിലര്‍ മുരുകനെ കൈവച്ചു. കൂടിനിന്നവര്‍ വളഞ്ഞതോടെ രക്ഷപ്പെടാനാകില്ലെന്ന് മനസിലാക്കിയ ഇയാള്‍ ക്രമേണ ശാന്തനായി. രക്തം വാര്‍ന്ന് അവശനിലയിലായ ജയയെ ഇതിനുശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

KCN

more recommended stories