ഫോണ്‍കോണി കേസ്: സര്‍ക്കാറിനോട് ഹൈകോടതി വിശദീകരണം തേടി

കൊച്ചി: ഫോണ്‍ കെണിക്കേസില്‍ മുന്‍ മന്ത്രി എ. കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കേസ് റദ്ദാക്കാനിടയായ സാഹചര്യം സംബന്ധിച്ച് വിശദീകരണം നല്‍കാനാണ് നിര്‍ദേശം. കേസിന്റെ സാമൂഹികവും ധാര്‍മികവുമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ശശീന്ദ്രനെ കുറ്റവിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് നേരത്തെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയ തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹൈകോടതിയേയും സമീപിച്ചിരിക്കുന്നത്. കേസുമായി മുന്നോട്ട് പോവാന്‍ താല്‍പര്യമില്ലെന്ന മാധ്യമ പ്രവര്‍ത്തകയുടെ സത്യവാങ്മൂലത്തിന്‍െയും പ്രത്യേക അപേക്ഷയുടേയും അടിസ്ഥാനത്തിലാണ് മജിസ്‌ട്രേറ്റ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതെന്ന് ഹരജിയില്‍ പറയുന്നു. പരാതിക്കാരിയുടെ മേല്‍വിലാസത്തില്‍ തര്‍ക്കമുണ്ടെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ സര്‍ക്കാര്‍ നല്കുന്ന വിശദീകരണത്തില്‍ അക്കാര്യവും ഉണ്ടാകണമെന്നും കോടതി. കേസ് വീണ്ടും ഈ മാസം 15 ന് പരിഗണിക്കും.

ശശീന്ദ്രനെതിരെ പരാതി നല്‍കിയെങ്കിലും പൊലീസും അധികൃതരും നടപടി സ്വീകരിക്കാതിരുന്നതിനാലാണ് മാധ്യമപ്രവര്‍ത്തക കോടതിയില്‍ പരാതി നല്‍കിയത്. ഈ കേസ് സി.ജെ.എം കോടതിയുടെ പരിഗണനയിലിരിക്കെ, സ്വാധീനങ്ങള്‍ക്ക് വഴങ്ങിയ പരാതിക്കാരി കേസ് റദ്ദാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. തുടര്‍ന്ന് ഹരജി പിന്‍വലിച്ച് വിചാരണക്കോടതിയെ സമീപിച്ച് അവിടെ അപേക്ഷ നല്‍കി മൊഴി മാറ്റുകയുമായിരുന്നെന്ന് ഹരജിയില്‍ പറഞ്ഞിരുന്നു.

മാധ്യമപ്രവര്‍ത്തകയുടെ ടെലിഫോണ്‍ സംഭാഷണം വാര്‍ത്തയാക്കിയതിന് മറ്റുചിലര്‍ക്കെതിരെയും ക്രിമിനല്‍ കേസുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കേസും കൗണ്ടര്‍ കേസുകളുമുള്ള സാഹചര്യത്തില്‍ ഈ കേസുകളില്‍ ഒന്നൊന്നായി വിചാരണ നടത്തുകയാണ് വേണ്ടത്. എന്നാല്‍, മാധ്യമപ്രവര്‍ത്തകയുടെ കേസ് മാത്രം പരിഗണിച്ച് സി.ജെ.എം കോടതി വിധി പുറപ്പെടുവിക്കുകയാണ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കം വകുപ്പുകള്‍ ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്തതും ജാമ്യം ലഭിക്കാത്തതുമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് താന്‍ ഹരജി നല്‍കിയത്. ഈ ഹരജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി നടപടി നിയമവിരുദ്ധമാണ്. പ്രോസിക്യൂഷന്‍ തെളിവുകള്‍ പരിശോധിക്കുകയോ സാക്ഷികളെപോലും വിസ്തരിക്കുകയോ ചെയ്തിട്ടില്ല. പരാതിക്കാരി ഹാജരായില്ലെങ്കില്‍പോലും ഇത്തരം കേസുകള്‍ തീര്‍ക്കാനാവില്ലെന്നിരിക്കെ നിയമവിരുദ്ധ പരിഗണന നല്‍കിയാണ് മജിസ്‌ട്രേറ്റ് കേസ് തീര്‍പ്പാക്കിയതെന്നും ഹരജിയില്‍ പറയുന്നു.

KCN

more recommended stories