നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി, ദൃശ്യങ്ങള്‍ നല്‍കില്ലെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന് നല്‍കേണ്ടെന്ന് കോടതി ഉത്തരവിട്ടു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് ദിലീപിന്റെ ഹര്‍ജി തള്ളിയിരിക്കുന്നത്. അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി.

ദൃശ്യങ്ങള്‍ വേണമെന്ന് ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാമെന്നും അതിലൂടെ ഇര അപമാനിക്കപ്പെടുമെന്നും വ്യക്തിഹത്യ ചെയ്യപ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കഴിഞ്ഞ ദിവസം കേസിലെ മറ്റ് ചില രേഖകളും തെളിവുകളും കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് ദിലീപിന് കൈമാറിയിരുന്നു. നടി ആക്രമിക്കപ്പെട്ട വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങളും കേസിലെ രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലവുമാണ് ദിലീപിന് ഫെബ്രുവരി അഞ്ചിന് കൈമാറിയത്.

KCN

more recommended stories