ഗൗരി നേഹയുടെ ആത്മഹത്യ ; അധ്യാപകര്‍ക്ക് മാനേജ്‌മെന്റ് പൂര്‍ണപിന്തുണ

കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഹ സ്‌ക്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയ വിഷയത്തില്‍ അധ്യാപകര്‍ക്കു പൂര്‍ണ പിന്തുണയുമായി സ്‌കൂള്‍ മാനേജ്‌മെന്റ്. സസ്‌പെന്‍ഷന്‍ കാലയളവിലെ ആനുകൂല്യങ്ങളും ശമ്പളവും അധ്യാപകര്‍ക്കു നല്‍കുമെന്നും കോടതി കുറ്റക്കാരായി വിധിച്ചാല്‍ മാത്രമേ അധ്യാപകര്‍ക്കെതിരേ നടപടിയെടുക്കാന്‍ കഴിയൂ എന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

സംഭവത്തില്‍ അധ്യാപകര്‍ നല്‍കിയ വിശദീകരണത്തില്‍ തങ്ങള്‍ പൂര്‍ണ തൃപ്തരാണെന്നും ഇക്കാരണത്താലാണ് അധ്യാപകരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നും മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടി. സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നു തിരിച്ചെത്തിയ അധ്യാപകരെ കേക്ക് മുറിച്ച് മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നു. കേക്ക് മുറിച്ചത് അധ്യാപകര്‍ക്കു പ്രോത്സാഹനം നല്‍കാനാണെന്നും അധ്യാപകരെ പിന്തുണയ്ക്കാന്‍ മാനേജ്‌മെന്റിനു ബാധ്യതയുള്ളതായും മാനേജ്‌മെന്റ് പ്രതിനിധി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20ന് സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് ചാടിയതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ ഗൗരി 23ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അധ്യാപികമാരുടെ ശകാരത്തെത്തുടര്‍ന്ന് മനംനൊന്താണ് ഗൗരി ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തി കൊല്ലം വെസ്റ്റ് പോലീസ് ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമുള്‍പ്പെടെ ചുമത്തി കേസെടുക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരായത്.

സസ്‌പെന്‍ഷനിലായിരുന്ന അധ്യാപികമാരെ കഴിഞ്ഞ ദിവസം ട്രിനിറ്റി സ്‌കൂള്‍ തിരിച്ചെടുത്തിരുന്നു. കേക്ക് നല്‍കിയാണ് സിന്ധു പോള്‍, ക്രസന്റ് എന്നീ അധ്യാപികമാരെ മാനേജ്‌മെന്റ് സ്വീകരിച്ചത്. അതേസമയം കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അധ്യാപികമാരെ തിരിച്ചെടുത്തതെന്ന് ഗൗരി നേഹയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

KCN

more recommended stories