പ്രവാസിയുടെ ആത്മഹത്യ; മൂന്ന് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

കുന്നിക്കോട്: പ്രവാസി സംരംഭകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി വിളക്കുടി മണ്ണൂര്‍കിഴക്കേതില്‍ വീട്ടില്‍ എം.എസ്. ഗിരീഷ് (31), സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് നേതാവുമായ ഇളമ്ബല്‍ ചീവോട് പാലോട്ട്‌മേലേതില്‍ ഇമേഷ് (34), ചീവോട് സതീഷ് ഭവനില്‍ സതീഷ് (32) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

ബുധനാഴ്ച പുലര്‍ച്ച പത്തനാപുരം സി.ഐ എം. അന്‍വറിന്റെ നേതൃത്വത്തിലെ സംഘമാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനു ശേഷം പത്തോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇമേഷും സതീഷും പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ 23 നാണ് കേസിനാസ്പദമായ സംഭവം. പുനലൂര്‍ ഐക്കരകോണം വാഴമണ്‍ സ്വദേശിയായ സുഗതന്‍ വര്‍ക്ക് ഷോപ് നിര്‍മിക്കാനുദ്ദേശിച്ച സ്ഥലത്ത് എ.ഐ.വൈ.എഫ് കൊടികുത്തിയതിനെ തുടര്‍ന്നാണ് പ്രവാസി ആത്മഹത്യ ചെയ്തത്. കൊടികുത്തിയത് ഗിരീഷിന്റെ നേതൃത്വത്തിലെ സംഘമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ പത്തോളം സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കാണ് കുന്നിക്കോട് പൊലീസ് കേസെടുത്തത്. കൂടുതല്‍ പ്രതികള്‍ കീഴടങ്ങാന്‍ സാധ്യതയുള്ളതായി പൊലീസ് പറഞ്ഞു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

KCN

more recommended stories