വീട്ടില്‍ നിന്ന് 35 പവനും 35,000 രൂപയും കവര്‍ന്ന സംഭവം; 5 വിരലടയാളങ്ങള്‍ ലഭിച്ചു

കുമ്പള: കുടുംബളയിലെ വീട്ടില്‍ നിന്ന് 35 പവന്‍ സ്വര്‍ണവും 35,000 രൂപയും കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി കുമ്പള കളത്തൂര്‍ പള്ളത്തിന് സമീപത്തെ അബ്ദുല്‍ ലത്വീഫിന്റെ വീട് കുത്തിത്തുറന്നാണ് സ്വര്‍ണവും പണവും കൊള്ളയടിച്ചത്.

കുടുംബം വീടുപൂട്ടി കളത്തൂര്‍ ജുമാമസ്ജിദില്‍ നടക്കുന്ന സ്വലാത്ത് വാര്‍ഷികത്തിന്റെ ഭാഗമായുള്ള മതപ്രഭാഷണം കേള്‍ക്കാന്‍ പോയതായിരുന്നു. മതപ്രഭാഷണം കഴിഞ്ഞ് അര്‍ദ്ധരാത്രിക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീടിന് പിറകു വശത്തെ വാതില്‍ കുത്തിപ്പൊളിച്ചതായി കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ സ്വര്‍ണാഭരണവും പണവും കവര്‍ച്ച ചെയ്യപ്പെട്ടതായി കണ്ടെത്തി. കിടപ്പുമുറിയില്‍ തുണിയിടുന്ന ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. അബ്ദുല്‍ ലത്വീഫ് ദുബൈയിലാണ്. ഭാര്യ താഹിറയും മക്കളായ തൗഫീറയും തഫ്‌സീലയുമാണ് വീട്ടില്‍ താമസിക്കുന്നത്. പിന്‍വശത്തെ ചെറിയ ഗേറ്റ് കടന്ന് അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.

കിടപ്പുമുറിയുടെ അലമാരയുടെ താക്കോല്‍ അതില്‍തന്നെയുണ്ടായിരുന്നതിനാല്‍ സ്വര്‍ണം അലമാരയിലുണ്ടാകുമെന്നാണ് മോഷ്ടാക്കള്‍ ആദ്യം കരുതിയത്. ഇതേ തുടര്‍ന്ന് അലമാര തുറന്ന മോഷ്ടാക്കള്‍ അതിനകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ച് പുറത്തിട്ട് തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ മുറിയുടെ മൂലയില്‍ ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന തുണിയും പുറത്തിട്ടതോടെ 35 പവന്‍ സ്വര്‍ണവും 35,000 രൂപയും മോഷ്ടാക്കള്‍ക്ക് ലഭിക്കുകയായിരുന്നു. അതേസമയം വീട്ടിനകത്തുണ്ടായിരുന്ന എട്ടു പവന്റെ സ്വര്‍ണനാണയങ്ങള്‍ മോഷണം പോകാതിരുന്നത് വീട്ടുകാര്‍ക്ക് ആശ്വാസമായി.

അതിനിടെ കവര്‍ച്ചക്കാരുടേതെന്ന് സംശയിക്കുന്ന അഞ്ച് വിരലടയാളങ്ങള്‍ പോലീസിന് ലഭിച്ചു. കാസര്‍കോട്ട് നിന്നെത്തിയ വിരലടയാള വിദഗ്ദ്ധരാണ് പരിശോധന നടത്തിയത്. ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു. റൂണി എന്ന പോലീസ് നായ വീട്ടിന് പരിസരങ്ങളിലും മണം പിടിച്ചോടി. കവര്‍ച്ച നടന്ന വീടിന് തൊട്ടുപിറകിലുള്ള നാലു വീടുകളുടേയും സമീപത്തു കൂടി നടന്ന് പോലീസ് നായ തിരിച്ചെത്തുകയായിരുന്നു.

KCN

more recommended stories