മിഷേല്‍ ഷാജി ഓര്‍മയായിട്ട് ഒരു വര്‍ഷം; മരണം ആത്മഹത്യയല്ല, സിബിഐ അന്വേഷണം വേണമെന്ന് അച്ഛന്‍

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് അച്ഛന്‍ ഷാജി വര്‍ഗീസ്. കൊച്ചി കായലില്‍ മിഷേലിനെ മരിച്ച നിലയില്‍ കണ്ടെത്തി ഒരു വര്‍ഷം പിന്നിടുമ്പോള്‍ കെഎസ്യു സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അഞ്ചിന് വൈകീട്ടാണ് കൊച്ചിയിലെ ഹോസ്റ്റലില്‍ നിന്ന് പുറത്തുപോയ മിഷേല്‍ ഷാജിയെ കാണാതായത്.

ആറാം തീയതി വൈകീട്ട് കൊച്ചി കായലില്‍ മൃതദേഹം കണ്ടെത്തി. ഗോശ്രീ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തെന്നാണ് കേസന്വേഷിച്ച പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും നിഗമനം. മിഷേല്‍ കലൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പാലത്തില്‍ നിന്ന് ചാടിയെന്നും മണിക്കൂറുകള്‍ വെള്ളത്തില്‍ കിടന്നെന്നും പറയുമ്‌ബോഴും മിഷേലിന്റെ മൃതദേഹത്തില്‍ കാര്യമായ പരിക്കുകളില്ലായിരുന്നുവെന്നതാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിന് കാരണമായി കുടുംബം പറയുന്നത്.

മിഷേലിന്റെ മോതിരവും വാച്ചും മൊബൈല്‍ ഫോണും ബാഗും കണ്ടെത്താനാകാത്തതിലും ദുരൂഹതയുണ്ടെന്നാണ് പരാതി. കെഎസ്യു പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ മിഷേലിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ മെഴുകുതിരികള്‍ തെളിയിച്ചു. കുടുംബത്തിന്റെ ആശങ്കകള്‍ക്ക് പരിഹാരം കാണണമെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

KCN

more recommended stories