നിയമസഭയില്‍ ഗ്രനേഡുമായി തിരുവഞ്ചൂര്‍

തിരുവനന്തപുരം:  മുന്‍ ആഭ്യന്തരമന്ത്രിയും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ‘ഗ്രനേഡു’മായി നിയമസഭയില്‍. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടെ, കേരളത്തില്‍ പൊലീസ് രാജ് നിലനില്‍ക്കുന്നുവെന്ന ആരോപണമുയര്‍ത്തിയാണു തിരുവഞ്ചൂര്‍ ‘ഗ്രനേഡ്’ ഉയര്‍ത്തിക്കാട്ടിയത്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് പ്രയോഗിച്ച ഗ്രനേഡാണു തിരുവഞ്ചൂര്‍ സഭയില്‍ കൊണ്ടുവന്നത്.

ആഭ്യന്തര വകുപ്പിനെക്കുറിച്ചുള്ള ധനാഭ്യര്‍ഥന ചര്‍ച്ച നടക്കുമ്പോഴായിരുന്നു സംഭവം. ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണു സഭയില്‍ തിരുവഞ്ചൂര്‍ ഉയര്‍ത്തിയത്. കേരളത്തില്‍ പൊലീസ് രാജാണെന്നും ജനകീയ സമരങ്ങളെ അതിക്രൂരമായാണു പൊലീസ് അടിച്ചമര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് അദ്ദേഹം കവറില്‍ സൂക്ഷിച്ചിരുന്ന ഗ്രനേഡ് എടുത്ത് ഉയര്‍ത്തിക്കാട്ടിയത്. യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ പൊലീസ് പ്രയോഗിച്ച ഈ ഗ്രനേഡ് കാലഹരണപ്പെട്ടതാണെന്നു തിരുവഞ്ചൂര്‍ ആരോപിച്ചു. ഇത്തരത്തില്‍ കാലഹരണപ്പെട്ട ഗ്രനേഡുകളാണു പൊലീസ് ഉപയോഗിക്കുന്നത്. ഇതു ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കു കാരണമാകുമെന്നും ചൂണ്ടിക്കാട്ടി. ഇതോടെ ക്രമപ്രശ്‌നം ഉന്നയിച്ചു ഭരണകക്ഷി എംഎല്‍എ എസ്.ശര്‍മ എഴുന്നേറ്റു. തിരുവഞ്ചൂരിനെപ്പോലുള്ള മുതിര്‍ന്ന അംഗം ഇത്തരം മാരകായുധങ്ങളുമായി സഭയില്‍ വരാന്‍ പാടില്ലായിരുന്നുവെന്ന്് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കാമെന്നു സ്പീക്കര്‍ ഉറപ്പുനല്‍കിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. സ്‌ഫോടകശേഷിയുള്ള ഗ്രനേഡാണു തിരുവഞ്ചൂര്‍ കൊണ്ടുവന്നതെങ്കില്‍ പ്രശ്‌നം ഗുരുതരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്രനേഡ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു കൈമാറാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. തിരുവഞ്ചൂര്‍ ഈ നിര്‍ദ്ദേശത്തിനു വഴങ്ങിയതോടെ പ്രശ്‌നം അവസാനിച്ചു.

KCN

more recommended stories