കെ. സുധാകരന്‍ ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം സിപിഎം നേതാക്കള്‍ അവസാനിപ്പിക്കണം: ബെന്നി ബെഹന്നാന്‍

കാസര്‍കോട്: കെ. സുധാകരന്‍ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരണം നടത്തുന്ന സിപിഎം നേതാക്കള്‍ അത് അവസാനിപ്പിക്കണമെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ബെന്നി ബെഹന്നാന്‍ കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്നും ഒരു നേതാവും ബിജെപിയില്‍ ചേര്‍ന്ന ചരിത്രമില്ലെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു. എന്നാല്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന നിരവധി നേതാക്കളുടെ പേരുവിവരങ്ങള്‍ ബെന്നി ബെഹന്നാന്‍ പുറത്തുവിട്ടു.

സിപിഎം നേതാക്കളായിരുന്ന സി.കെ പത്മനാഭന്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന പ്രധാന നേതാവാണ്. രണ്ടു തവണ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ടായി ചുമതലയേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 2014 ല്‍ ആറ്റിങ്ങലില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച 10 വര്‍ഷക്കാലം തിരുവനന്തപുരം ജില്ലയിലെ വെളനാട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഗിരിജ കുമാരി ഇപ്പോള്‍ മഹിളാ മോര്‍ച്ചയുടെ സംസ്ഥാന ഭാരവാഹിയാണ്. ഇവരുടെ ഭര്‍ത്താവ് കൃഷ്ണകുമാര്‍, മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എരുത്താവൂര്‍ ചന്ദ്രന്‍ ഇപ്പോള്‍ ബിജെപി സംസ്ഥാന കമ്മിറ്റി അംഗമാണ്. എന്നിവരെല്ലാം സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് പോയ നേതാക്കളാണ്.

തിരിച്ച് ബിജെപിയില്‍ നിന്ന് സിപിഎമ്മിലേക്കും നേതാക്കള്‍ മാറിയിട്ടുണ്ട്. അടിച്ചുപൊളിക്കേണ്ടത് ബള്‍ബല്ല ജനറേറ്ററാണെന്ന് പറഞ്ഞതിനു പിന്നാലെ പി.ജയരാജനെ 2015 ല്‍ അക്രമിച്ച കേസില്‍ ഉള്‍പെട്ട ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായിരുന്ന ഒ.കെ വാസു മാസ്റ്റര്‍ ഇപ്പോള്‍ സിപിഎമ്മില്‍ ചേര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി ചുമതല വഹിച്ചുവരികയാണ്. കൂത്തുപറമ്ബില്‍ ബോംബെറിഞ്ഞ് അസ്‌ന എന്ന കുഞ്ഞിന്റെ കാല്‍ നഷ്ടപ്പെട്ട കേസിലും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന സതീശനെ 14 കഷങ്ങളാക്കി വെട്ടിനുറുക്കിയ കേസില്‍ പ്രതിയായ അശോകന്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരിക്കുകയാണ്. കൂത്തുപറമ്ബ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി തുടരുകയാണ് അശോകനിപ്പോള്‍.

കോണ്‍ഗ്രസിന്റെ ഏതെങ്കിലും ഒരു പ്രധാന സ്ഥാനങ്ങള്‍ വഹിച്ച നേതാക്കള്‍ ബിജെപിയിലേക്ക് പോയിട്ടില്ലെന്ന് ബെന്നി ബെഹന്നാന്‍ പറഞ്ഞു. പി. ജയരാജന്‍ കെ.സുധാരനെതിരെ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഉന്നയിക്കുന്നതെന്നും ബെന്നി ബെഹന്നാന്‍ കൂട്ടിച്ചേര്‍ത്തു. മാര്‍ക്കിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിനോട് പുലര്‍ത്തിവരുന്ന നിലപാടാണ് പലസംസ്ഥാനങ്ങളിലും അവര്‍ക്ക് കനത്ത പരാജയത്തിന് കാരണമാകുന്നത്. ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരേ നിലയില്‍ എതിര്‍ത്തു കൊണ്ട് ദ്വിമുഖ പോരാട്ടമാണ് നടത്തുന്നതെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. സിപിഎമ്മിന്റെ പരാജയങ്ങളുടെ യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടതോടെ നിലപാട് തിരുത്തണമെന്ന ആശയത്തിന് സിപിഎമ്മില്‍ മുന്‍തൂക്കം ലഭിച്ചിരിക്കുകയാണ്. ത്രിപുരയില്‍ പരാജയപ്പെടാനും വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ വരാനും ഇടയായതിന്റെ കാരണം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പെടെയുള്ള സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്. പരാജയത്തിന്റെ കാരണങ്ങള്‍ പഠിക്കുന്നതിന് പകരം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി യാഥാര്‍ത്ഥ്യം വിസ്മരിക്കുകയാണ് ചെയ്യുന്നത്. 20 വര്‍ഷം ഭരിച്ച ത്രിപുരയില്‍ 50 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് 16 സീറ്റിലേക്ക് ചുരുങ്ങേണ്ടി വന്നതിന്റെ യാഥാര്‍ത്ഥ്യം തിരിച്ചറിയുകയാണ് വേണ്ടത്. കോണ്‍ഗ്രസിന് പരാജയം സംഭവിച്ചിട്ടുണ്ടെന്നത് അംഗീകരിക്കുന്നു.

കൈയ്യില്‍ താമര വിടര്‍ന്നു എന്നാണ് കോടിയേരി പരിഹസിച്ചത്. കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള ബദല്‍ ഉണ്ടാക്കാന്‍ സിപിഎമ്മിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയിലെയും ഉത്തരകൊറിയയിലെയും കമ്മ്യൂണിസ്റ്റ് ഭരണത്തെ മാതൃകയാക്കണമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതിന് കാരണമായി പറയുന്നത് നവലിബറല്‍ സാമ്പത്തിക നയം പിന്തുടരുന്നുവെന്നാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ നവലിബറല്‍ സാമ്പത്തിക നയം പിന്തുടരുന്നത് ചൈനയാണെന്ന് ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാരുള്ളത് ചൈനയിലാണ്. പൊതുമേഖല സ്ഥാപനങ്ങള്‍ ഇന്ത്യയേക്കാള്‍ കുറവുള്ളതും ചൈനയിലാണ്.

ഉത്തരകൊറിയയും ചൈനയെയും ഒറ്റപ്പെടുത്തുന്നതിനെതിരെയാണ് സിപിഎം ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന സമ്മേളനത്തിലും പ്രമേയങ്ങള്‍ പാസാക്കിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിഡണ്ട് ഷി ജിന്‍പിങ്ങിനെ ആജീവനാന്ത പ്രസിഡണ്ടായി തീരുമാനിച്ചുകൊണ്ട് നിയമം പാസാക്കിയത് ഏകാധിപത്യ ഭരണത്തിന് ഉദാഹരണമാണെന്ന് ബെന്നി ബെഹന്നാന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ മുമ്ബുണ്ടായ രാജഭരണത്തിലേക്കുള്ള തിരിച്ചുപോക്കാണ് ചൈന മോഡലെന്ന് ബെന്നി ബെഹന്നാന്‍ കുറ്റപ്പെടുത്തി.

ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലും ബെന്നി ബെഹന്നാനോടൊപ്പമുണ്ടായിരുന്നു.

KCN