നഴ്‌സുമാരുടെ മിനിമം വേതനം: അന്തിമവിജ്ഞാപനം ഇറക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നത് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. അന്തിമ വിജ്ഞാപനം ഉടന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹിയറിങ് നടപടികള്‍ തുടരുന്നതില്‍ തടസമില്ല. മിനിമം വേതനത്തില്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ മിനിമം വേതനത്തില്‍ ഈ മാസം 31 ന് അന്തിമ വിജ്ഞാപനം ഇറക്കാനിരിക്കെയാണ് ഹൈക്കോടതി താത്കാലിക സ്റ്റേ നല്‍കിയിരിക്കുന്നത്. മധ്യസ്ഥചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. മിനിമം വേതനത്തില്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

ഈ മാസം 31 നകം ശമ്പളപരിഷ്‌കരണ ഉത്തരവിറക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് കൂട്ടയവധിയെടുക്കല്‍ സമരം നഴ്‌സുമാര്‍ പിന്‍വലിച്ചത്. അന്തിമവിജ്ഞാപനം ഇറക്കുന്നതിന്റെ ഭാഗമായി തെളിവെടുപ്പ് നടപടികളും തുടങ്ങിയിരുന്നു. ഇതോടെയാണ് സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

തെളിവെടുപ്പ് നടപടികള്‍ തുടരാമെങ്കിലും അന്തിമ വിജ്ഞാപനം ഉടന്‍ ഇറക്കാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. അന്ന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടായിരിക്കും നിര്‍ണായകമാവുക.

KCN