ആക്രിക്കടയുടെ ഗോഡൗണില്‍ സ്‌ഫോടനം: തൊഴിലാളികള്‍ക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട് സ്വദേശികളായ രാഹുല്‍, ശക്തിവേല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്പലക്കുളങ്ങരയിലെ ഗോഡൗണില്‍ ആക്രി സാധനങ്ങള്‍ വേര്‍തിരിക്കുന്നതിനിടയിലാണ് സ്‌ഫോടനം ഉണ്ടായത്. കുറ്റ്യാടി നാദാപുരം മേഖലയില്‍ നിന്നും തൊഴിലാളികള്‍ ശേഖരിച്ച് കൊണ്ടുവന്ന ആക്രി സാധനങ്ങള്‍ വേര്‍തിരിക്കുന്നതിടെയാണ് സ്‌ഫോടനം നടന്നത്. സാധനങ്ങള്‍ക്കിടയില്‍ കിടന്ന പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്‌ഫോടനത്തില്‍ സേലം സ്വദേശികളായ രാഹുല്‍ ശക്തിവേല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഗുരുതരമായി പരുക്കേറ്റ രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ ശക്തിവേലിന്റെ പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത്.

സ്‌ഫോടനം നടന്ന ഗോഡൗണ്‍ കുറ്റ്യാടി സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും സിഐ പറഞ്ഞു.

KCN

more recommended stories