ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 15.20 ലക്ഷം രൂപ തട്ടിയെടുത്തു; അമ്മക്കും മകനുമെതിരെ കേസ്

കാഞ്ഞങ്ങാട്: ഡയമണ്ട് ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 15,20,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ അമ്മക്കും മകനുമെതിരെ കേസ്. പടന്നക്കാട് ആയുര്‍വേദ ആസ്പത്രിക്ക് സമീപത്തെ അദുല്‍ കരുണാകരന്റെ പരാതിയില്‍ തൃശൂര്‍ മനക്കൊടിയിലെ ബിജൂബ് കെ. ജോസഫ്, അമ്മ ലീലാമ്മ ജോസഫ് എന്നിവര്‍ക്കെതിരെയാണ് കേസ്.

2015ല്‍ ഫേസ്ബുക്കിലൂടെയാണ് അദുല്‍ ബിജൂബിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് വീട്ടിലെത്തിയ ബിജൂബ് ഡയമണ്ട് ബിസിനസ് തുടങ്ങുന്നുണ്ടെന്നും പങ്കാളിയാക്കാമെന്നും അദുലിനോട് പറഞ്ഞു. ഡയമണ്ട് ആഭരണത്തിന്റെ വിവിധ മോഡലുകള്‍ കാട്ടി വിശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് പലതവണയായി 15,20,000 രൂപ വാങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട് ഫോണില്‍ വിളിച്ചപ്പോഴൊക്കെ പ്രതികരണമുണ്ടായില്ല. ഇതേ തുടര്‍ന്ന് തൃശൂരില്‍ ബിജൂബും അമ്മയും താമസിച്ചിരുന്ന ഫ്‌ളാറ്റിലെത്തിയപ്പോള്‍ ഫ്‌ളാറ്റ് പൂട്ടിയ നിലയിലായിരുന്നു. ഇവിടെ നിന്ന് കിട്ടിയ നമ്ബറില്‍ വിളിച്ചപ്പോള്‍ കോയമ്ബത്തൂരിലാണെന്നും അവിടേക്ക് വരണമെന്നും പറഞ്ഞുവത്രെ. കോയമ്ബത്തൂരിലെത്തി അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

KCN

more recommended stories