‘ചക്ക’ കേരളത്തിന്റെ ഔദ്യോഗിക ഫലം: പ്രഖ്യാപനം നാളെ

തിരുവനന്തപുരം: ചക്ക നാളെ മുതല്‍ വെറും ഫലമല്ല. നമ്മുടെ കേരളത്തിന്റെ സ്വന്തം ഔദ്യോഗിക ഫലമാകുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. ഇതിന്റെ ഭാഗമായി കേരള നിയമസഭയിലും പ്രഖ്യാപനം ഉണ്ടാകുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. കൃഷി വകുപ്പാണ് ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലവും പ്രഖ്യാപിക്കുന്നത്. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ‘കേരളത്തില്‍ നിന്നുള്ള ചക്ക’ എന്ന ബ്രാന്‍ഡായി അവതരിപ്പിക്കുന്നതിനു മുന്നോടിയായിക്കൂടിയാണ് ഔദ്യോഗിക ‘ഫല’പ്രഖ്യാപനം. ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

ചക്കയെ പ്രത്യേക ബ്രാന്‍ഡാക്കുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 32 കോടി ചക്കകള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതില്‍ 30 ശതമാനവും നശിച്ചുപോകുന്നതായാണ് കണക്കുകള്‍. ചക്ക സംസ്ഥാനത്ത് വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ അത് ഉപയോഗപ്പെടുത്താനായിട്ടില്ല. ഔഗ്യോഗിക ‘ഫല’ പ്രഖ്യാപനത്തിലൂടെ ആ കുറവ് നികത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് കൃഷിമന്ത്രി പറഞ്ഞു.

KCN

more recommended stories