അച്ചാംതുരുത്തിയില്‍ സി പി എം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി

കാഞ്ഞങ്ങാട്: സി പി എം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പ്രതികളായ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി. അച്ചാംതുരുത്തി മാട്ടുമ്മലിലെ ശരത് (22), അച്ചാംതുരുത്തിയിലെ കെ മഹേഷ് (31), കത്തിയന്റെ മാടിലെ ഋഷികേശ് (19) എന്നിവരാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ കീഴടങ്ങിയത്.

ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സി പി എം പ്രവര്‍ത്തകനായ വി രാമകൃഷ്ണനെ (45) ആക്രമിച്ച കേസിലെ പ്രതികളാണിവര്‍. ഈ കേസിലെ രണ്ടാംപ്രതിയായ ടി അരുണിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികള്‍ പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികള്‍ കോടതിയില്‍ ഹാജരായത്.

2018 മാര്‍ച്ച് 11ന് രാത്രി ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ചുകയറി രാമകൃഷ്ണനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുകയായിരുന്നു. തലക്ക് സാരമായി പരുക്കേറ്റ രാമകൃഷ്ണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ചാംതുരുത്തി പാലം ഉദ്ഘാടനത്തിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിലെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് രാമകൃഷ്ണന്റെ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.

KCN

more recommended stories