സംസ്ഥാനത്ത് ഏപ്രില്‍ 2ന് പൊതുപണിമുടക്ക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ രണ്ടിന് സംസ്ഥാനത്ത് പൊതുപണിമുടക്ക് നടത്തും. ബി.ജെ.പി പോഷക സംഘടനയായ ബി.എം.എസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയനുകളുടേതാണ് തീരുമാനം. സ്ഥിര നിയമനം ഇല്ലാതാക്കി, കരാര്‍ ജോലിക്ക് എല്ലാ മേഖലകളിലും അംഗീകാരം നല്‍കുന്ന കേന്ദ്ര വ്യവസായ തൊഴില്‍ നിയമ ഭേദഗതി കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതു പ്രകാരം തൊഴിലുടമയ്ക്ക് തൊഴിലാളിയെ പിരിച്ചു വിടാന്‍ എളുപ്പമാകും.

മാര്‍ച്ച് 16ന് നിലവില്‍ വന്ന ഉത്തരവു പ്രകാരം നിശ്ചിത കാലത്തേക്കുള്ള തൊഴില്‍ കരാറിനപ്പുറം ജീവനക്കാരന് സ്ഥിര നിയമനം നല്‍കാന്‍ തൊഴിലുടമയ്ക്ക് ബാദ്ധ്യതയില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ നോട്ടീസ് നല്‍കി തൊഴിലാളിയെ പിരിച്ചുവിടാം. അതേസമയം കരാര്‍ തീരുന്നതു വരെ ജോലി സമയം, ശമ്ബളം, അലവന്‍സ്, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ സ്ഥിരനിയമനം ലഭിച്ച തൊഴിലാളിക്ക് തുല്യമായിരിക്കും. 2017 ഫെബ്രുവരിയില്‍ വസ്ത്ര നിര്‍മ്മാണ മേഖലയില്‍ സമാനമായ നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഡിസംബറില്‍ കേന്ദ്ര മന്ത്രിസഭ അത് തുകല്‍, ചെരുപ്പ്, അനുബന്ധ ഉപകരണ നിര്‍മ്മാണം തുടങ്ങിയ മേഖലയിലേക്കും വ്യാപിപ്പിച്ചു.

1946ലെ നിയമത്തിന്റെ ഭേദഗതിയിലൂടെ എല്ലാ മേഖലയിലും കരാര്‍ നിയമനത്തിന് അംഗീകാരം നല്‍കുന്ന കരട് വിജ്ഞാപനം ജനുവരിയില്‍ തൊഴില്‍ മന്ത്രാലയം ഇറക്കിയിരുന്നു. ഇക്കാര്യം കേന്ദ്ര ബഡ്ജറ്റിലും പ്രഖ്യാപിച്ചിട്ടുണ്ട്. 2003ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് സമാനമായ ഉത്തരവ് നടപ്പാക്കിയത് പിന്നീടു വന്ന യു.പി.എ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

KCN

more recommended stories