കവര്‍ച്ചാകേസുകളില്‍ സെഞ്ചുറി തികച്ച യുവാവ് അറസ്റ്റില്‍; പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു

കാസര്‍കോട്:;100 കവര്‍ച്ചാകേസുകളില്‍ പ്രതിയായ ഇരിട്ടി കിളിയന്തറയിലെ കെ.ജി സജുവിനെ (37) കോടതി റിമാന്‍ഡ് ചെയ്തു. കുമ്പള പോലീസാണ് സജുവിനെ അറസ്റ്റു ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ പിന്നീട് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

കുമ്പള ടൗണിലെ സൈനുദ്ദീന്റെ കടയില്‍ നിന്നും 30,000 രൂപ കവര്‍ന്ന കേസിലാണ് സജുവിനെ കുമ്പള പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ കാസര്‍കോട് ആനവാതുക്കലിലെ കടയില്‍ നിന്നും സജു പണം തട്ടിയതായി തെളിഞ്ഞു. ആനവാതുക്കലിലെ അബൂബക്കറിന്റെയും മറ്റൊരാളുടെയും പാര്‍ട്ണര്‍ഷിപ്പിലുള്ള കടയില്‍ നിന്ന് സജു 60,000 രൂപ തട്ടിയെടുത്തതായാണ് സൂചന. കഴിഞ്ഞ എട്ടാം തീയ്യതിയാണ് ആനവാതുക്കലിലെ കടയില്‍ കവര്‍ച്ച നടന്നത്. ഒരാള്‍ കടയിലെത്തി സാധനങ്ങളുടെ ലിസ്റ്റ് നല്‍കുകയായിരുന്നു.

അബൂബക്കര്‍ സാധനങ്ങള്‍ പൊതിഞ്ഞ് വെച്ച ശേഷം നോക്കിയപ്പോള്‍ ആളെ കാണാതായി. തുടര്‍ന്ന് മേശ വലിപ്പ് പരിശോധിച്ചപ്പോഴാണ് 60,000 രൂപ നഷ്ടമായതായി കണ്ടെത്തിയത്. ഇതോടെ സാധനങ്ങളുടെ ലിസ്റ്റ് നല്‍കിയ ആളാണ് പണം തട്ടിയതെന്ന് കടയുടമയ്ക്ക് ബോധ്യപ്പെടുകയും കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കുമ്പളയില്‍ അറസ്റ്റിലായ സജുവിന്റെ ഫോട്ടോ മാധ്യമങ്ങളില്‍ കണ്ടതോടെ സജുവാണ് തന്റെ കടയിലേക്ക് വന്ന് സാധനങ്ങളുടെ ലിസ്റ്റ് നല്‍കിയതെന്ന് അബൂബക്കര്‍ തിരിച്ചറിഞ്ഞു. ഇക്കാര്യം അബൂബക്കര്‍ പോലീസിനെ അറിയിച്ചു. ഈ സാഹചര്യത്തില്‍ സജുവിനെ കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയില്‍ ഹരജി നല്‍കുമെന്ന് പോലീസ് പറഞ്ഞു.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നൂറോളം കേസുകളില്‍ പ്രതിയാണ് സജു.

KCN

more recommended stories