കേന്ദ്ര സര്‍വകലാശാല ഹോസ്റ്റലിലെ ഭക്ഷണപ്രശ്നം; പരിഹാരം കാണാമെന്ന അധികൃതരുടെ ഉറപ്പിന്മേല്‍ സമരത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പിന്മാറി

കാസര്‍കോട് : കേന്ദ്ര സര്‍വകലാശാല ഹോസ്റ്റലിലെ ഭക്ഷണപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നടത്തിവരികയായിരുന്ന നിരാഹാരസമരത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പിന്‍മാറി. പ്രശ്നത്തിന് പരിഹാരം കാണാമെന്ന അധികൃതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ സമരം താത്കാലികമായി പിന്‍മാറിയത്.

സര്‍വകലാശാലയിലെ പെരിയ ക്യാമ്പസില്‍ മൂന്ന് ഹോസ്റ്റലുകളില്‍ പ്രവര്‍ത്തിക്കുന്ന 15 പാചകത്തൊഴിലാളികളെ പിരിച്ചുവിടാനും ഭക്ഷണവിതരണം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഹോസ്റ്റല്‍ കമ്മിറ്റിയെ ഏല്‍പ്പിക്കാനുമുള്ള സര്‍വകലാശാല അധികൃതരുടെ നീക്കത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ നിരാഹാരസമരം നടത്തിവന്നത്. പാചകത്തൊഴിലാളികളെ പിരിച്ചുവിടുന്നതോടെ ഈ ഹോസ്റ്റലുകളില്‍ താമസിക്കുന്ന എഴുന്നൂറോളം വിദ്യാര്‍ത്ഥികളുടെ ഭക്ഷണം അനിശ്ചിതത്വത്തിലാവുമെന്നതും ഇതിന് പകരം സംവിധാനം വിദ്യാര്‍ഥികളുടെ ചെലവില്‍ കണ്ടെത്തണമെന്ന് സര്‍വകലാശാല നിര്‍ദേശിച്ചതുമാണ് വിദ്യാര്‍ഥിസമരത്തിന് ഇടയാക്കിയത്.

അതേസമയം പരിഹാരം വൈകിയാല്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് വിദ്യാര്‍ത്ഥികള്‍ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാറിന്റെയും കലക്ടര്‍ കെ.ജീവന്‍ ബാബുവിന്റെയും സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് ഏഴുദിവസമായി വിദ്യാര്‍ഥികള്‍ നടത്തിയ നിരാഹാരസമരം നിര്‍ത്തിവെയ്ക്കാന്‍ സ്റ്റുഡന്റ്സ് കൗണ്‍സില്‍ തീരുമാനിച്ചത്.

KCN

more recommended stories