അവയവദാനത്തിലൂടെ ഏഴ് പേര്‍ക്ക് ജീവിതം സമ്മാനിച്ച് അരുണ്‍രാജ് യാത്രയായി

തിരുവനന്തപുരം: കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ വേങ്ങൂര്‍ക്കര സ്വദേശി അരുണ്‍രാജ് (29) ഏഴ് പേര്‍ക്ക് പുതിയ ജീവിതം സമ്മാനിച്ച് യാത്രയായി. ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കൈകള്‍, പാന്‍ക്രിയാസ്, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. മൃതസഞ്ജീവനി വഴി ഇത്രയും അവയവങ്ങള്‍ ഒന്നിച്ച് ദാനം ചെയ്യുന്നത് ഇതാദ്യമാണ്.

വേദനയ്ക്കിടയിലും ഇത്രയും പേര്‍ക്ക് ജീവിതം നല്‍കാന്‍ തയ്യാറായ അരുണ്‍രാജിന്റെ കുടുംബത്തിന്റെ തീവ്ര ദു:ഖത്തില്‍ പങ്കുചേരുന്നതായും ജാതിമതത്തിനും ഭാഷയ്ക്കും ദേശത്തിനും അതീതമായി മാറി എന്നതും ഈ അവയവദാനത്തിന്റെ പ്രത്യേകതയാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറയുകയുണ്ടായി.

ഇക്കഴിഞ്ഞ ഒന്നാം തീയതി വൈകുന്നേരം 5.30 നാണ് അരുണ്‍രാജിന് അപകടം സംഭവിച്ചത്. സഹപ്രവര്‍ത്തകനായ സുഹൃത്തിനൊപ്പം വേങ്ങൂര്‍ നായത്തോട് എയര്‍പോര്‍ട്ട് റോഡ് വഴി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പിറകില്‍ നിന്ന് കാര്‍ വന്നിടിച്ചാണ് അപകടം ഉണ്ടായത്. എറണാകുളം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി ഐ.സി.യു.വില്‍ അഡ്മിറ്റാക്കിയെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അവയവദാനത്തിന് ബന്ധുക്കള്‍ സമ്മതിച്ചതോടെ കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (കെ.എന്‍.ഒ.എസ്) അഥവാ മൃതസജ്ജീവനിയുമായി ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ ബന്ധപ്പെടുകയും അവയവ സ്വീകര്‍ത്താക്കളെ മൃതസഞ്ജീവനി കണ്ടെത്തുകയായിരുന്നു.

KCN

more recommended stories