മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചു, സര്‍ക്കാരിന് കനത്ത തിരിച്ചടി

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന് വന്‍തിരിച്ചടി നല്‍കി കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളെജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചു. ഇന്ന് രാവിലെയാണ് നിയമസെക്രട്ടറി ബില്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറിയത്. പ്രവേശനം ക്രമപ്പെടുത്താന്‍ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് സുപ്രിം കോടതി സ്റ്റേ ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ബില്‍ ഗവര്‍ണര്‍ മടക്കിയിരിക്കുന്നത്.

വിത്ത് ഹോള്‍ഡ് എന്ന് രേഖപ്പെടുത്തിയാണ് ഗവര്‍ണര്‍ ബില്‍ തിരിച്ചയച്ചിരിക്കുന്നത്. ബില്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന നിയമോപദേശം ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നതായാണ് സൂചന. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഭരണഘടനയുടെ 200-ാം അനുച്ഛേദം അനുസരിച്ചാണ് ഗവര്‍ണറുടെ നടപടി.

ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ വിയോജനക്കുറിപ്പോടെയായിരുന്നു ബില്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറിയത്. ബില്‍ നിയമപരമായി നിലനില്‍ക്കുമോ എന്ന സംശയമാണ് ആരോഗ്യസെക്രട്ടറി രാജീവ് സദാന്ദന്‍ ബില്ലിനൊപ്പം ഉന്നയിച്ചിരുന്നത്. ഇതും ഗവര്‍ണറുടെ തീരുമാനത്തില്‍ നിര്‍ണായകമായതാണ് സൂചന.

അതേസമയം, ബില്ലില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ രണ്ട് മെഡിക്കല്‍ കോളെജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പുറത്ത് പോകേണ്ടി വരുമെന്ന് ഉറപ്പായി. രണ്ട് കോളെജുകളിലെയും 180 വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്നാണ് ഏപ്രില്‍ അഞ്ചിന് സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്.

മെഡിക്കല്‍ ഓര്‍ഡിനന്‍സിന്റെ കാലാവധി നാളെ അവസാനിക്കുകയാണ്. ഇതോടെ ഓര്‍ഡിനന്‍സും ബില്ലും ഇല്ലാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

ഏപ്രില്‍ നാലിനാണ് കേരള നിയമസഭ ഏകകണ്ഠേന ബില്‍ പാസാക്കിയത്. എന്നാല്‍ തൊട്ടടുത്ത ദിവസം സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സുപ്രിം കോടതി റദ്ദാക്കി. രൂക്ഷമായ വിമര്‍ശനത്തോടെയായിരുന്നു കോടതി നടപടി. ബില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്നും അതിനാല്‍ ഓര്‍ഡിനന്‍സാണ് നിലനില്‍ക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ബില്‍ ഗവര്‍ണര്‍ക്ക് തിരിച്ചയക്കുകയോ ഭേദഗതികള്‍ ആവശ്യപ്പെടുകയോ ചെയ്യാനും കഴിയുമെന്നും കോടതി പറഞ്ഞിരുന്നു.

KCN

more recommended stories