വേനല്‍മഴ; കേരളത്തിലെ എട്ടു ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം : ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ എട്ടുജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ വകുപ്പാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇടി മിന്നലോട് കൂടിയ കനത്തമഴയും കാറ്റുമുണ്ടാകുമെന്നാണ് മീറ്ററോളജി വകുപ്പിന്റെ നിരീക്ഷണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകള്‍ക്കാണ് മീറ്ററോളജി വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, മഴയെ തുടര്‍ന്ന് കടല്‍ക്ഷോഭമോ കൊടുങ്കാറ്റോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഇന്ന് വൈകിട്ട് വരെയാണ് ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ ദൈര്‍ഘ്യം.

രണ്ടുദിവസം കൂടി നിലവിലെ അളവില്‍ മഴ തുടരാനാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് സാധ്യത കല്‍പ്പിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ രണ്ട് ദിവസത്തിന് ശേഷം മഴ ശക്തിപ്പെടാനും സാധ്യത കാണുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം ശക്തമായ മഴ പെയ്യുന്നുണ്ട്. മുന്‍വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം ഇതുവരെ 31ശതമാനം കൂടുതല്‍ വേനല്‍ മഴ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളം വരള്‍ച്ചാ ഭീഷണിയ്ക്ക് പുറത്താണ്.

അതിനിടെ പകല്‍സമയത്തുള്ള അതിശക്തമായ ചൂടും മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്നത് മൂലവും എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കുകയാണ്. കോളജ് ഹോസ്റ്റലുകള്‍ക്കും മറ്റും സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നവരും മറ്റും ശ്രദ്ധിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമെ കുടിക്കാവു എന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

KCN

more recommended stories