ശുഹൈബ് വധത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മട്ടന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സംഭവം നടന്ന് മൂന്ന് മാസം പിന്നിട്ടപ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 386 പേജുള്ള കുറ്റപത്രത്തില്‍ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. ഫെബ്രുവരി 12 ന് രാത്രി പത്തരയോടയാണ് ശുഹൈബിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്.

കൊലപാതകത്തില്‍ ഇതുവരെ 11 പേരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരെല്ലാം സിപിഎം പ്രവര്‍ത്തകരാണ്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന പിതാവിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ്. കേസ് കോടതി ജൂലൈ 16 ലേക്ക് മാറ്റിയിട്ടുണ്ട്.

KCN

more recommended stories