ആലിലക്കണ്ണനെ ദര്‍ശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഗുരുവായൂരില്‍

തൃശൂര്‍: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഗുരുവായൂര്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ശ്രീവത്സത്തുനിന്നും നടന്നാണു ക്ഷേത്രത്തിലെത്തിയത് നാലമ്പലത്തില്‍ നമസ്‌കാര മണ്ഡപത്തിലെത്തി ആലങ്കാരിക പ്രഭയില്‍ വിളങ്ങുന്ന ആലിലക്കണ്ണനെ ദര്‍ശിക്കാനായി.

ഓതിക്കന്‍കുടുംബത്തില്‍പ്പെട്ട പൊട്ടക്കുഴി നാരായണന്‍ നമ്ബൂതിരിയും മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്ബൂതിരിയുമാണ് അലങ്കാരം നിര്‍വഹിച്ചത്. ഉച്ചപൂജയ്ക്കു മുന്‍പായി ഭഗവാനു മുന്നില്‍ അലങ്കരിക്കാനായി എത്തിയാല്‍ ആ സമയത്തു ഏതുരൂപം മനസില്‍ തോന്നുന്നുവോ ആ രൂപം കളഭം കൊണ്ടലങ്കരിക്കുന്നെന്നാണു ഗുരുവായൂരിലെ ചിട്ട. ആലിലക്കണ്ണനെ ദര്‍ശിക്കാനാഗ്രഹിച്ചെത്തുന്ന ഭക്തര്‍ക്കും ഇന്നലെ അനുഗ്രഹമായി.

നാലമ്ബല പ്രദക്ഷിണത്തിനുമുമ്‌ബേ ബലിക്കല്ലുകളെ കുറിച്ച് ചോദിച്ചതായിരുന്നു ക്ഷേത്രത്തിനകത്തെ ഏക സംഭാഷണം. അത് സപ്ത മാതൃക്കളാണെന്നും പതിവായി മൂന്നു തവണ ബലി തൂവുന്ന പരിപാവന ശിലകളാണെന്നും അഡ്മിനിസ്ട്രേറ്റര്‍ സി.സി. ശശിധരന്‍ വിശദീകരിച്ചു നല്‍കി. തുടര്‍ന്ന് ഗണപതിയെ തൊഴുത് ശ്രീകോവില്‍ ചുവരിലെ താമരക്കണ്ണനെയും ദര്‍ശിച്ച് നാലമ്ബല പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കുഭാഗം വഴിതന്നെ പുറത്തേക്കിറങ്ങി. ചുറ്റമ്ബലത്തില്‍ ശാസ്താവിനേയും ഭഗവതിയേയും ദര്‍ശിച്ചായിരുന്നു മടക്കം. മേല്‍ശാന്തി മുന്നൂലം ഭവന്‍ നമ്ബൂതിരി പ്രസാദം നല്‍കി.

ഗവര്‍ണര്‍ പി. സദാശിവത്തിനോടോപ്പം ഉച്ചയോടെ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയ അദ്ദേഹം കാര്‍ മാര്‍ഗമാണ് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയത്. ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍, ചെയര്‍മാന്‍ അഡ്വ. കെ. ബി. മോഹന്‍ദാസ്, ഭരണസമിതി അംഗങ്ങളായ കെ.കെ. രാമചന്ദ്രന്‍ , ഉഴമാലക്കല്‍ വേണുഗോപാല്‍, കെ. വിജയന്‍ , പി. ഗോപിനാഥ്, കെ.ബി. പ്രശാന്ത് , മല്ലിശ്ശേരി പരമേശ്വരന്‍ നമ്ബൂതിരി, അഡ്മിനിസ്ട്രേറ്റര്‍ സി.സി. ശശിധരന്‍, എം. എല്‍.എ. കെ.വി. അബ്ദുള്‍ഖാദര്‍, നഗരസഭ ചെയര്‍മാന്‍ പി.കെ. ശാന്തകുമാരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഡി.ജി.പി. ലോക്നാഥ് ബെഹ്റ, കലക്ടര്‍ എ. കൗശിഗന്‍, എ.ഡി. എം. ലതിക, ഡെപ്യൂട്ടി കലക്ടര്‍ എം.ബി. ഗിരീഷ്, തഹസില്‍ദാര്‍ പ്രേംചന്ദ് എന്നിവരും സന്നിഹിതരായിരുന്നു. ഗുരുവായുരപ്പന്റെ മ്യൂറല്‍ ചിത്രം ദേവസ്വം ചെയര്‍മാന്‍ ഉപഹാരമായി ഉപരാഷ്ട്രപതിക്ക് നല്‍കി.

ഉച്ചപൂജ കഴിഞ്ഞ് നടതുറന്ന നേരത്തായിരുന്നു ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ ശങ്കുണ്ണി രാജ്, ക്ഷേത്രം മാനേജര്‍ പി. മനോജ് കുമാര്‍, അസി. മാനേജര്‍ എ.കെ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഉപരാഷ്ട്രപതിയുടെ ദര്‍ശനസമയത്ത് മറ്റ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചില്ല. ഐ.ജി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനായിരുന്നു സുരക്ഷാചുമതല. ദര്‍ശനത്തിന് ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച അദ്ദേഹം മൂന്നരയോടെ പൂന്താനം ഓഡിറ്റോറിയത്തില്‍ അഷ്ടപദിയാട്ടം ഉദ്ഘാടനം ചെയ്ത് നെടുമ്ബാശേരിക്ക് മടങ്ങി.

KCN

more recommended stories