വൈദ്യുതി ശ്മശാനം പണിമുടക്കി: നിപ്പ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ വന്‍ സുരക്ഷാ വീഴ്ച

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ വന്‍ സുരക്ഷാ വീഴ്ച. മാവൂര്‍ റോഡിലെ വൈദ്യുത ശ്മശാനം ഭാഗികമായി പണിമുടക്കിയതും പരമ്ബരാഗത ചൂള തൊഴിലാളികള്‍ വിസമ്മതിച്ചതും മൂലം, നിപ്പ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ചത് ഐവര്‍മഠം രീതിയില്‍.

കഴിഞ്ഞ ദിവസം രാവിലെ മരിച്ച അശോകന്റെ മൃതദേഹമാണ് ഈ രീതിയില്‍ വൈകിട്ടോടെ സംസ്‌കരിച്ചത്. നിപ്പ വൈറസ് ബാധിച്ച കൂരാച്ചുണ്ടിലെ രാജനും ചെക്യാട്ടെ അശോകനും ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.

കഴിഞ്ഞദിവസം മരിച്ച നഴ്‌സ് ലിനിയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ വൈദ്യുത ശ്മശാനത്തിലെ പുക വലിച്ചെടുക്കുന്ന സംവിധാനം ഭാഗികമായി കേടായിരുന്നു. ഇത് നന്നാക്കാനുള്ള ഏജന്‍സിയുടെ ആളുകളെത്താന്‍ സമയമെടുക്കും.

അതുകൊണ്ട തന്നെ രാജന്റെ മൃതദേഹം പരമ്ബരാഗത ചൂളയില്‍ ദഹിപ്പിക്കാനുള്ള ശ്രമമായി. എന്നാല്‍, പുക അധികമായിരിക്കുമെന്നും സുരക്ഷാ പ്രശ്‌നമുണ്ടാകുമെന്നും പറഞ്ഞ് തൊഴിലാളികള്‍ വിസമ്മതിച്ചു. തുടര്‍ന്ന് രാജന്റെ മൃതദേഹം വൈദ്യുത ശ്മശാനത്തില്‍ തന്നെ ദഹിപ്പിച്ചു.

ഇതിന് കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ അശോകന്റെ മൃതദേഹം പരമ്ബരാഗത ചൂളയില്‍ ദഹിപ്പിക്കാന്‍ തൊഴിലാളികളോട് പറഞ്ഞപ്പോഴും അവര്‍ സന്നദ്ധരായില്ല. തുടര്‍ന്ന് ഐവര്‍മഠത്തിന്റെ കോഴിക്കോട്ടെ സംഘത്തെ വിവരമറിയിച്ചു. ഇവരെത്തി ശ്മശാനത്തില്‍ പ്രത്യേകം ചൂള തയ്യാറാക്കി സന്ധ്യയോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹവുമായി സമ്ബര്‍ക്കം പുലര്‍ത്തരുതെന്ന് നിര്‍ദേശമുണ്ടായിരുന്നതിനാല്‍ ഉറ്റവരെ അവസാനമായി ഒരുനോക്ക് കാണാന്‍ പോലും കഴിയാതെ ബന്ധുക്കളുള്‍പ്പടെയുള്ളവര്‍ വിഷമിക്കുന്നതിനിടെയാണ് ഈ അവസ്ഥ.

സംഭവത്തെക്കുറിച്ച് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍എസ് ഗോപകുമാര്‍ പോലീസില്‍ പരാതി നല്‍കി. കളക്ടറെയും മേയറെയും സംഭവം അറിയിച്ചിട്ടുണ്ടെന്നും ഹെല്‍ത്ത് ഓഫീസര്‍ പറഞ്ഞു. വൈദ്യുത ശ്മശാനത്തിലെ കേടുപാട് പരിഹരിക്കാന്‍ ബുധനാഴ്ച ആളെത്തുമെന്നാണ് വിവരം.

രോഗം മറ്റുള്ളവരിലേക്ക് പടരുന്നത് ഒഴിവാക്കാന്‍ നിപ്പ വൈറസ് ബാധിച്ച് മരിക്കുന്നവരെ ശ്മശാനത്തില്‍ ദഹിപ്പിക്കാനാണ് തീരുമാനം. മൃതദേഹം വിട്ടുകിട്ടാന്‍ ബന്ധുക്കള്‍ ശാഠ്യംപിടിക്കരുതെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അഭ്യര്‍ഥിച്ചിരുന്നു.

KCN

more recommended stories