കെവിനെ കൊന്നിട്ട് എന്തുനേടി? കെവിന്റെ ഭാര്യയായി ജീവിക്കും; ക്രൂരതകള്‍ നീനു വെളിപ്പെടുത്തുന്നു

കോട്ടയം: പ്രണയ വിവാഹിതനായ നവവരന്‍ കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ച് വധു നീനു വെളിപ്പെടുത്തുന്നു. പ്രതികള്‍ തന്നെയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നുവെന്ന് പറഞ്ഞ നീനു ഇനിയുള്ള കാലം കെവിന്റെ ഭാര്യയായി ജീവിക്കുമെന്നും വ്യക്തമാക്കി. പ്രണയവും ജാതിയും സാമ്പത്തിക നിലവാരവും കൊലപാതകത്തിന് കാരണമായെന്നാണ് പോലീസ് വിലയിരുത്തല്‍. നീനുവിനെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും മകളെ പോലെ അവള്‍ തങ്ങള്‍ക്കൊപ്പം കഴിയുമെന്നും അവളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും കെവിന്റെ പിതാവും വ്യക്തമാക്കി. വിവാഹത്തിന് ശേഷം കെവിന്‍ ഏത് സമയവും ആക്രമിക്കപ്പെട്ടേക്കാമെന്ന് നീനുവിന് തോന്നിയിരുന്നുവത്രെ. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ….

കൊല്ലുമെന്ന് ഭീഷണി
കേസില്‍ പിടിയിലായ നിയാസ് നീനുവിന്റെ അമ്മ വഴിയുള്ള ബന്ധുവാണ്. ഇയാള്‍ നേരത്തെ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി നീനു മാധ്യമങ്ങളോട് പറഞ്ഞു. മാതാപിതാക്കളുടെ അറിവോടെയാണ് കെവിനെ കൊന്നത്. ഇനിയുള്ള കാലം കെവിന്റെ ഭാര്യയായി ജീവിക്കുമെന്നും നീനു വ്യക്തമാക്കി.

സാമ്പത്തികമാണ് പ്രശ്നമെന്ന് നീനു
കെവിന്‍ സാമ്പത്തികമായി പിന്നാക്കമായിരുന്നതാണ് മാതാപിതാക്കള്‍ക്ക് പ്രശ്നമായിരുന്നത്. അവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അറസ്റ്റിലായ നിയാസും ബന്ധം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്‍മാറിയില്ലെങ്കില്‍ കൊല്ലുമെന്നും നിയാസ് പറഞ്ഞരുന്നുവെന്ന് നീനു പ്രതികരിച്ചു.

കെവിനെ അന്വേഷിക്കുന്ന വിവരം
കഴിഞ്ഞ 24നാണ് കെവിനൊപ്പം പോയ കാര്യം നീനു വീട്ടുകാരെ വിളിച്ചുപറഞ്ഞത്. അപ്പോള്‍ തന്നെ പിന്മാറാനും വീട്ടിലേക്ക് തിരിച്ചുപോരാനും മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കെവിനെ അന്വേഷിച്ച് ബന്ധുക്കള്‍ നടക്കുന്നതായ വിവരവും തനിക്ക് കിട്ടിയരുന്നുവെന്നും നീനു പറഞ്ഞു.

സ്റ്റേഷനില്‍ നേരിട്ട് പോകാന്‍ കാരണം
കെവിനെ അപകടത്തിലാക്കുമെന്ന് തനിക്ക് ഭയമുണ്ടായിരുന്നു. തുടര്‍ന്നാണ് ഗാന്ധിനഗര്‍ പോലീസില്‍ നേരിട്ടെത്തിയത്. കെവിനെ കാണാനില്ലെന്ന് കരഞ്ഞുപറഞ്ഞിട്ടും പോലീസുകാര്‍ ഗൗനിച്ചില്ല. അവര്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും നീനു പറഞ്ഞു.

കെവിന്റെ ഭാര്യയായി ജീവിക്കും
കെവിന്റെ ഭാര്യയായി ജീവിക്കാനാണ് ഇഷ്ടം. ഇനിയുള്ള കാലം കെവിന്റെ വീട്ടില്‍ താമസിക്കും. ഇവിടെ നിന്ന് ആരും ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കരുതെന്നും നീനു അപേക്ഷിച്ചു. കെവിന്റെ ഇല്ലാതാക്കിയിട്ട് എന്തുനേടിയെന്ന ചോദ്യമാണിപ്പോള്‍ ബാക്കിയാകുന്നത്. നീനു തങ്ങളുടെ മകളായി ഇവിടെ താമസിക്കുമെന്നും അവളുടെ സംരക്ഷണം ഏറ്റെടുക്കുന്നുവെന്നും കെവിന്റെ പിതാവ് രാജന്‍ പ്രതികരിച്ചു.

അച്ഛന്റെ വാക്കുകള്‍
കൊലപാതകം ആസൂത്രിതമാണെന്ന് രാജന്‍ പറഞ്ഞു. നീനുവിന്റെ ബന്ധുക്കള്‍ ദിവസങ്ങളായി കോട്ടയത്ത് തങ്ങിയിരുന്നു. സിപിഎം പ്രവര്‍ത്തരുടെ സഹായം ലഭിച്ചതായി സംശയമുണ്ട്. നീനുവിന്റെ സഹോദരന്‍ കാണാന്‍ വന്നിരുന്നു. അമ്മയ്ക്ക് നീനുവിനെ കാണണമെന്നായിരുന്നു അവന്റെ ആവശ്യമെന്നും രാജന്‍ പറഞ്ഞു.

ലൈല ബീവി പറയുന്നത്
അതേസമയം, തന്റെ മകന്‍ നിരപരാധിയാണെന്നാണ് കേസില്‍ അറസ്റ്റിലായ നിയാസിന്റെ മാതാവ് ലൈല ബീവി പറയുന്നത്. വീടാക്രമിച്ച്് കെവിനെ തട്ടിക്കൊണ്ടുപോയത് നീനുവിന്റെ മാതാപിതാക്കളുടെ അറിവോടെയാണ്. കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന് വാഹനം തരപ്പെടുത്താന്‍ ഇരുവരും നിയാസിനോട് ആവശ്യപ്പെട്ടിരുന്നുവത്രെ. നിയാസ് മടിച്ചപ്പോള്‍ ഇരുവരും നിര്‍ബന്ധിച്ചുവെന്നും ലൈല പറയുന്നു.

പ്രശ്നം ജാതി തന്നെയെന്ന് വ്യക്തം
കെവിന്‍ താഴ്ന്ന ജാതിക്കാരനായത് കൊണ്ടാണ് ആക്രമിച്ചതെന്ന് ലൈല ബീവി പറയുന്നു. കെവിനെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഇക്കാര്യം അവര്‍ പലവട്ടം പറഞ്ഞിരുന്നു. തന്റെ മകന്‍ നിയാസിനെ കേസില്‍ കുടുക്കിയതാണ്. അവന്‍ പിന്തിരിയാന്‍ ശ്രമിച്ചപ്പോള്‍ നീനുവിന്റെ സഹോദരന്‍ ഷാനു നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ലൈല ബീവി പറഞ്ഞു. ഷാനുവിനെ പോലീസ് തിരയുകയാണ്.

വ്യാപക തിരച്ചില്‍
പ്രതികള്‍ സംസ്ഥാനം വിടാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. തമിഴ്നാട് പോലീസിനും വിവരങ്ങള്‍ കൈമാറിയിട്ടുണട്്. വ്യാപക തിരച്ചില്‍ നടക്കുകയാണ്. വിമാനത്താവളങ്ങളിലും എല്ലാ പോലീസ് സ്റ്റേഷനുകളിലും വിവരം കൈമാറിക്കഴിഞ്ഞു. പ്രതികള്‍ വിദേശത്ത് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

KCN

more recommended stories