കെവിന്റെ മൃതദേഹം സംസ്‌കരിച്ചു

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. വീട്ടില്‍വെച്ചുള്ള പ്രാര്‍ഥനക്ക് ശേഷം മൂന്നരയോടെ വിലാപയാത്രയായി മൃതദേഹം കുന്നുമ്മല്‍ നല്ലയിടയന്‍ പള്ളിയിലേക്ക് കൊണ്ടു പോയി. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷക്ക് ശേഷം 4.45ഓടെ സെമിത്തേരിയില്‍ സംസ്‌കരിച്ചു. വീട്ടിലും പള്ളിയിലും വെച്ച് കുടുംബാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മൃതദേഹം അവസാനമായി കാണാന്‍ സൗകര്യം ഒരുക്കിയിരുന്നു. രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം വിലാപയാത്രയായാണ് മൃതദേഹം എസ്.എച്ച് മൗണ്ടിലെ വീട്ടിലെത്തിച്ചത്. വന്‍ ജനക്കൂട്ടത്തിനെ സാക്ഷിയാക്കി മൃതദേഹം വീട്ടിലെത്തിയപ്പോള്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറി. ഭാര്യ നീനുവിന്റെയും കെവിന്റെ മാതാവിന്റെയും സഹോദരിയുടെയും വിലാപം ജനങ്ങളുടെ കണ്ണു നനച്ചു. കെവിന്റെ പിതാവ് നീനുവിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടന്ന ആശുപത്രി പരിസരത്ത് വന്‍ ജനാവലി തടിച്ചു കൂടിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങിയതു മുതല്‍ ആരെയും ഫോറന്‍സിക് വിഭാഗത്തിലേക്ക് കയറ്റി വിട്ടിരുന്നില്ല. അതിനിടെ, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചില യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളിലേക്ക് കയറിയത് സംഘര്‍ഷത്തിനിടയാക്കി. സി.പി.എം പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തെത്തുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടാവുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു.

യു.ഡി.എഫ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തുകയും സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിയും നടന്നു. ഇത് തടയാന്‍ സി.പി.എം പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്തത് കൂടുതല്‍ സംഘര്‍ഷത്തിനിടയാക്കി. കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശുപത്രി പരിസരത്തേക്ക് മാര്‍ച്ച് നടത്തി. ഇത് തടയാന്‍ ശ്രമം നടത്തുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

അതേസമയം, കെവിന്റെ കൊലപാതകത്തിലെ പൊലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യു.ഡി.എഫ്-ബി.ജെ.പി-സി.എസ്.ഡി.എസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, വിവാഹം, അടിയന്തര ആവശ്യങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനപക്ഷം, കേരള കോണ്‍ഗ്രസ് എം എന്നിവയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

KCN

more recommended stories