നിപ വൈറസ്; രണ്ടാം ഘട്ടം നിയന്ത്രണ വിധേയമെന്ന് മന്ത്രി കെകെ ശൈലജ

കോഴിക്കോട് : നിപ വൈറസ് ബാധയുടെ രണ്ടാം ഘട്ടം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോഴിക്കോട് ഇന്ന് മരിച്ച റോജയുടേത് നിപ വൈറസ് കാരണമല്ലെന്ന് പരിശോധനാ ഫലം. കനത്ത ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നത് ഈ മാസം 12 വരെ നീട്ടി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് സര്‍വ്കക്ഷിയോഗം ചേരാനും തീരുമാനം.

മെയ് 17 ന് ശേഷം നിപ വൈറസ് ബാധയേറ്റ് ആര്‍ക്കും രോഗം സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് രണ്ടാം ഘട്ടം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. 193 പരിശോധനാ സാമ്ബിളുകളില്‍ 18 പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്, ഇതില്‍ 16 പേര്‍ മരിച്ചു. ചികിത്സയിലുള്ള 2 പേര്‍ സുഖം പ്രാപിച്ചുവരുന്നു. രണ്ടാം ഘട്ടത്തിലും ഫലപ്രദമായ ഇടപെടല്‍ തുടരുന്നതായി കോഴിക്കോട് ചേര്‍ന്ന അവലോകന യോഗശേഷം മന്ത്രി കെ കെ ശൈലജ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച തലശ്ശേരി സ്വദേശി റോജയുടേത് നിപ വൈറസ് ബാധ കാരണമല്ലെന്ന് തെളിഞ്ഞു. പുതുതായി വന്ന പരിശോധനാ ഫലവും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് ജില്ലയില്‍ കനത്ത ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് ഈ മാസം 12 വരെ നീട്ടിയിട്ടുണ്ട്.

പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണവും 12 വരെ തുടരും നിപ പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ ഈ മാസം 4 ന് തിരുവനന്തപുരത്ത് സര്‍വ്കക്ഷിയോഗം ചേരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആസ്‌ടേലിയയില്‍ നിന്ന് കോഴിക്കോടെത്തിച്ച മരുന്ന് ഐ സി എം ആര്‍ വിദഗ്ധ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമേ നല്‍കൂ.

മലയാളി ഡോക്ടര്‍ ഷംഷീര്‍ വയലില്‍ ന്റെ വി പി എസ് ഹെല്‍ത്ത് കെയര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് നല്‍കുന്ന ഒന്നേ മുക്കാല്‍ കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ ആരോഗ്യമന്ത്രി ഏറ്റുവാങ്ങി.

KCN

more recommended stories