മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശം; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷം ഇന്നും സഭ ബഹിഷ്‌കരിച്ചു. അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്. മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് എംഎല്‍എ പിടി തോമസാണ് അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയത്. പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് നിയമസഭയില്‍ എത്തിയത്. മുഖ്യമന്ത്രിയെ സംസാരിക്കാന്‍ അനുവദിക്കാത്ത നിലയിലായിരുന്നു പ്രതിപക്ഷ ബഹളം.

തീവ്രവാദികളെ പ്രതിപക്ഷ അംഗങ്ങള്‍ സഹായിക്കുന്നു എന്ന ഗുരുതര ആരോപണമാണ് പിണറായി വിജയന്‍ ഇന്നലെ സഭയില്‍ ഉയര്‍ത്തിയത്. ഇക്കാര്യത്തില്‍ അടിയന്തര പ്രമേയ അനുമതി തേടിയുള്ള നോട്ടീസ് അവതരിപ്പിക്കാന്‍ പോലും തയാറാകുന്നില്ല എന്നത് പ്രതിപക്ഷത്തിന്റെ അവകാശം ഇല്ലാതാക്കലാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

എടത്തലയില്‍ യുവാവിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി നല്‍കിയ വിശദീകരണമാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്. പൊലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് തീവ്രവാദസ്വഭാവമുള്ള ചില സംഘടനകളാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആലുവ ആരുടെയും റിപ്പബ്ലിക്കല്ല. തീവ്രവാദികളെ ആ നിലയ്ക്ക് കാണണം. ഇത്തരം നടപടികളെ പ്രതിപക്ഷം ന്യായീകരിക്കുന്നത് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ഇന്നലെയും പ്രതിപക്ഷം സഭ ബഹിഷ്‌കിരിച്ചിരുന്നു.

KCN

more recommended stories